കാഷ്‌ലെസ് ഇക്കോണമി: മുഖ്യമന്ത്രിതല സമിതി രൂപീകരിക്കും

കാഷ്‌ലെസ് ഇക്കോണമി:  മുഖ്യമന്ത്രിതല സമിതി രൂപീകരിക്കും

 
ന്യൂഡെല്‍ഹി: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് കടക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുന്നു. കറന്‍സി രഹിത മാര്‍ഗങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങളാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിതല സമിതി രൂപീകരിക്കും. ലെസ് കാഷ് ഇക്കോണമിയിലേക്കും തുടര്‍ന്ന് കാഷ്‌ലെസ് ഇക്കോണമിയിലേക്കും മാറുന്നതിന് വേണ്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ് സമിതി രൂപീകരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതിനകം അരഡസനോളം മുഖ്യമന്ത്രിമാരുമായി സംസാരിച്ചുകഴിഞ്ഞു. സമിതിയില്‍ വിവിധ രാഷ്ട്രീയ കക്ഷികളിലെ മുഖ്യമന്ത്രിമാരുണ്ടാകും. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമുള്ള മുഖ്യമന്ത്രിമാരുടെ പ്രാതിനിധ്യവും ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മുഖ്യമന്ത്രിമാരെക്കൂടാതെ സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരും പാനലില്‍ വരും. സമിതി രൂപീകരിക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി തുടങ്ങിയവരുമായി അരുണ്‍ ജെയ്റ്റ്‌ലി ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ സമിതിയില്‍ അംഗമാകുമോ എന്നത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വമായിരിക്കും തീരുമാനമെടുക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ്സ് മോദി സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് അഴിച്ചുവിട്ടത്.

സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് നിശ്ചയിക്കും. നീതി ആയോഗ് നിര്‍ദേശിച്ചതനുസരിച്ചാണ് സമിതി രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ധീരജ് ഗുപ്ത, മുന്‍ ധനകാര്യ സെക്രട്ടറി രത്തന്‍ വാതല്‍ എന്നിവര്‍ നേതൃത്വം നല്‍കിയ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിതല സമിതി പരിശോധിക്കും. ഒരു വര്‍ഷത്തിനകം തീര്‍ക്കേണ്ട ഹ്രസ്വകാല നടപടികള്‍, ഇതിനുശേഷം നടപ്പാക്കേണ്ട പദ്ധതികള്‍ എന്നിങ്ങനെ വേര്‍തിരിച്ചാകും മുഖ്യമന്ത്രിതല സമിതി ചര്‍ച്ചകള്‍ നടത്തുക.

Comments

comments

Categories: Slider, Top Stories