ഗ്രാമപ്രദേശങ്ങളില്‍ എക്കൗണ്ട് തുറക്കാന്‍ ക്യാംപുകള്‍ സംഘടിപ്പിക്കണമെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

ഗ്രാമപ്രദേശങ്ങളില്‍  എക്കൗണ്ട് തുറക്കാന്‍ ക്യാംപുകള്‍ സംഘടിപ്പിക്കണമെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

 

മുംബൈ: ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും ബാങ്കിംഗ് സംവിധാനം പരിമിതമായ സ്ഥലങ്ങളിലുമുള്ള ജനങ്ങളെ ബാങ്ക് എക്കൗണ്ട് തുറക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് ക്യാമ്പ് സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഈ മാസത്തെ ശമ്പളം പഴയ നോട്ടുകളില്‍ ലഭിക്കുന്നവര്‍ക്ക് അതുമൂലമുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനാണ് വേഗത്തില്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ നോട്ട് പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി ബാങ്കിംഗ് സേവനമില്ലാത്ത പ്രദേശങ്ങളില്‍ എക്കൗണ്ട് തുറക്കുന്നതിന് കേന്ദ്ര ധന മന്ത്രാലയം നിര്‍ദേശിച്ചതായും ഉന്നത ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. നേരിട്ട് പണം കൈമാറ്റം ചെയ്തുകൊണ്ടുള്ള ഇടപാടുകള്‍ മാത്രമാണ് ഗ്രാമീണ ഇന്ത്യയിലെ ഭൂരിപക്ഷത്തിനും ഇപ്പോള്‍ പരിചിതമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവരെയാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം ഏറെ വലയ്ക്കുന്നത്.

ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ നിരവധി പൊതുമേഖലാ ബാങ്കുകള്‍ ബാങ്ക് എക്കൗണ്ട് തുറക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ഗ്രാമപ്രദേശങ്ങളില്‍ ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്. ഇടപാടുകള്‍ നടത്താന്‍ ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് നൂറോളം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ആധാര്‍ അധിഷ്ടിത ഇ-കെവൈസി സംവിധാനമുപയോഗിച്ച് ഗ്രാമീണര്‍ക്ക് ബാങ്ക് എക്കൗണ്ട് ലഭ്യമാക്കുമെന്നും റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ പണരഹിത സംവിധാനത്തിലൂടെ പേമെന്റ് നടത്തുന്നതിന് ജനങ്ങളെ പരിശീലിപ്പിക്കുമെന്നും ഐസിഐസിഐ പറഞ്ഞു.

നിലവില്‍ 19 കേന്ദ്രങ്ങളിലെ ആര്‍ബിഐ ഓഫീസുകള്‍ക്ക് മാത്രമെ പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് ആര്‍ബിഐ അനുവാദം നല്‍കിയിട്ടുള്ളു. എന്നാല്‍ പഴയ നോട്ടുകള്‍ ജനങ്ങള്‍ക്ക് അവരുടെ എക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഇത് പുതിയ കറന്‍സിയായി പിന്‍വലിക്കുകയും ചെയ്യാം. ബാങ്ക് സിഇഒമാരുമായി നവംബര്‍ 24ന് നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഗ്രാമപ്രദേശങ്ങളില്‍ ഇടപാട് നടത്തുന്നതിന് ബദല്‍ സംവിധാനങ്ങളൊരുക്കണമെന്ന നിര്‍ദേശം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. ഇതേ യോഗത്തില്‍ പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിന് ജനങ്ങളെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യവും ധനമന്ത്രി ഉന്നയിച്ചുന്നു. ഇതിന്റെ ഭാഗമായി സൈ്വപ്പിംഗ് മെഷീന്‍ ഉപയോഗപ്പെടുത്തുന്നതിന് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന നിരക്കും, എടിഎം സേവന നിരക്കും ഡിസംബര്‍ 30 വരെ ഒഴിവാക്കുകയാണെന്ന് ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Banking, Slider