യുകെയില്‍നിന്നുള്ള സമഗ്ര വൈദ്യശാസ്ത്ര പരിശീലനപരിപാടി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

യുകെയില്‍നിന്നുള്ള സമഗ്ര വൈദ്യശാസ്ത്ര പരിശീലനപരിപാടി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

 

കൊച്ചി: ഇന്ത്യയില്‍ കോര്‍ മെഡിക്കല്‍ ട്രെയിനിംഗ് (സിഎംടി) ആരംഭിക്കുന്നതിനായി യുകെയിലെ ലണ്ടന്‍, എഡിന്‍ബറോ, ഗ്ലാസ്‌ഗോ എന്നീ കോളേജ്‌സ് ഓഫ് ഫിസിഷ്യന്‍സുമായി ആസ്റ്റര്‍ മെഡ്‌സിറ്റി സവിശേഷ പങ്കാളിത്ത കരാര്‍ ഒപ്പുവച്ചു. ഈ കരാറിലൂടെ എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് യുകെയിലെ അതേ നിലവാരത്തില്‍ ആസ്റ്ററില്‍ പരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് യുകെ മാനദണ്ഡമനുസരിച്ചുള്ള അസസ്‌മെന്റുകളും എംആര്‍സിപി (യുകെ) പരീക്ഷകളും ഉണ്ടായിരിക്കും. ഐസ്‌ലാന്‍ഡിനുശേഷം യുകെയ്ക്കുപുറമേയുള്ള രാജ്യങ്ങളില്‍ സിഎംടി നല്‍കുന്ന രണ്ടാമത്തെ കേന്ദ്രമാണ് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സിഎംടി പ്രോഗ്രാമിന്റെ കാലയളവ് മൂന്നു വര്‍ഷമാണ്. യുവഫിസിഷ്യന്മാര്‍ക്ക് ഇന്റേണ്‍ഷിപ്പിനുശേഷം ട്രെയിനിയായി ഈ പ്രോഗ്രാമില്‍ ചേരാവുന്നതാണ്. സിഎംടി പ്രോഗ്രാം ചെയ്യുന്ന ഫിസിഷ്യന്മാര്‍ക്ക് പ്രത്യേക അസസ്‌മെന്റുകളും എംആര്‍സിപി (യുകെ) പരീക്ഷകളും ഈ കാലയളവില്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

തീവ്രവും വിട്ടുമാറാത്തതുമായ രോഗലക്ഷണങ്ങളുമായി വരുന്ന രോഗികളില്‍ കൃത്യമായ പരിശോധനകളും രോഗനിര്‍ണ്ണയവും നടത്തേണ്ടതുണ്ട്. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരുടെ സേവനം രോഗികള്‍ക്ക് ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം വളരെയധികമാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ട്രെയിനിംഗ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ഗീത ഫിലിപ്‌സ് പറഞ്ഞു. യുകെ സിഎംടി കരിക്കുലം യുവ ഫിസിഷ്യന്മാരില്‍ ഈ കഴിവുകള്‍ ശക്തിപ്പെടുത്താന്‍ സഹായകമാകുമെന്ന് ഡോ. ഗീത കൂട്ടിച്ചേര്‍ത്തു.

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആഗോള അംഗീകാരമുള്ള സിഎംടി പ്രോഗ്രാം തുടങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ ഹെഡും ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു. എംആര്‍സിപി (യുകെ) യോഗ്യത ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് (1956) മൂന്നാമത്തെ ഷെഡ്യൂളിന്റെ രണ്ടാമത്തെ പാര്‍ട്ട് അനുസരിച്ചുള്ള എംഡി യോഗ്യതയ്ക്ക് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എംആര്‍സിപി (യുകെ) പാര്‍ട്ട് 2 ക്ലിനിക്കല്‍ പരീക്ഷകള്‍ അല്ലെങ്കില്‍ പേസസ് (പ്രാക്ടിക്കല്‍ അസസ്‌മെന്റ് ഓഫ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍സ് സ്‌കില്‍സ്) ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ അല്ലെങ്കില്‍ ഇന്ത്യയിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നടത്തപ്പെടും. യുകെയില്‍ ഉയര്‍ന്ന സ്‌പെഷലിസ്റ്റ് പരിശീലനം ആഗ്രഹിക്കുന്ന ഡോക്ടര്‍മാരുടെ ചികിത്സാപരമായ അറിവും നൈപുണ്യവും അറിയുന്നതിന് കഠിനമായ പരീക്ഷാമാനദണ്ഡങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

2017 -ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് -നീറ്റ് (പോസ്റ്റ് ഗ്രാജ്വേറ്റ്) സ്‌കോര്‍ അനുസരിച്ചാണ് അപേക്ഷകരെ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കുന്നത്.

Comments

comments

Categories: Branding

Related Articles