ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നു: ഉപയോഗിച്ചത് പിന്‍വലിച്ച നോട്ടുകള്‍

ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നു: ഉപയോഗിച്ചത് പിന്‍വലിച്ച നോട്ടുകള്‍

 

കൊല്‍ക്കത്ത : 500, 1000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള മൂന്ന് ദിവസം രാജ്യത്ത് ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിച്ച് ഐഫോണ്‍ വാങ്ങാന്‍ ആളുകള്‍ ഇരച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് ദിവസങ്ങളില്‍ രാജ്യത്ത് ഒരു ലക്ഷത്തിലധികം ഐഫോണുകള്‍ വിറ്റഴിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശരാശരി ഒരു മാസം വില്‍ക്കുന്ന ഐഫോണ്‍ ഹാന്‍ഡ്‌സെറ്റുകളുടെ മുക്കാല്‍ ഭാഗത്തോളം വരുമിത്.

നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യ നാളുകളില്‍ സ്വര്‍ണത്തിന്റെയും ആഡംബര വസ്തുക്കളുടെയും വില്‍പ്പനയില്‍ ഉണ്ടായ കുതിച്ചുകയറ്റമാണ് ഐഫോണ്‍ വില്‍പ്പനയിലും പ്രതിഫലിച്ചത്. നവംബര്‍ 8ന് അര്‍ധരാത്രി വരെ നിരവധി സ്റ്റോറുകളില്‍ ഐഫോണ്‍ വിറ്റിട്ടുണ്ട്.

500, 1000 നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ മാസത്തില്‍ വില്‍പ്പന ലക്ഷ്യം മറികടന്ന ഒരേയൊരു ഫോണ്‍ നിര്‍മാതാക്കള്‍ ആപ്പിള്‍ മാത്രമാണ്. നവംബര്‍ മാസത്തില്‍ ഐഫോണ്‍ വില്‍പ്പനയില്‍ 20 മുതല്‍ 30 ശതമാനം വളര്‍ച്ചയാണ് പ്രകടമായത്. എന്നാല്‍ പൊതുവേ ഹാന്‍ഡ്‌സെറ്റുകളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേസമയത്തേക്കാള്‍ വില്‍പ്പന കുറയുകയാണ് ഉണ്ടായത്.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ ഫലമായി ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പത്ത് ശതമാനം ചുരുങ്ങുമെന്നാണ് ഹോങ്‌കോങ് ആസ്ഥാനമായ കൗണ്ടര്‍പോയന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ചിലെ സീനിയര്‍ അനലിസ്റ്റ് തരുണ്‍ പഥക് നിരീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഈ പാദത്തില്‍ പത്ത് ലക്ഷം ഐഫോണുകള്‍ വില്‍ക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ മാസത്തില്‍ നാല് ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുമതി ചെയ്തിരുന്നു.

പുതിയതായി വിപണിയിലിറക്കിയ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവ ഇന്ത്യയില്‍ 60,000, 92,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. വിപണിയിലുള്ള ഏറ്റവും വിലയേറിയ ഹാന്‍ഡ്‌സെറ്റുകളാണിത്. ഉപഭോക്തൃ വായ്പകള്‍ കൂടുതലായി ലഭിക്കുന്നതും ക്രെഡിറ്റ് കാര്‍ഡുകളും ഡിജിറ്റല്‍ പെയ്‌മെന്റുകളും കൂടുതലായി ഉപയോഗിക്കുന്നതുമാണ് ഐ ഫോണ്‍ വില്‍പ്പന ഇപ്പോഴും നിലനില്‍ക്കുന്നതിന് കാരണം.

Comments

comments

Categories: Trending