ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പനയുമായി സിയോമി

ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പനയുമായി സിയോമി

ന്യുഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സിയോമി ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പന്ന നടത്തിയതായി കണക്കുകള്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദത്തിലും 1-1.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രണ്ടു ദശലക്ഷത്തിലധികം സ്മാര്‍ട്ട്‌ഫോണുകളുമാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. ഓഫ്‌ലൈന്‍ വിപണി വികസിപ്പിച്ചതും പുതിയ ഓണ്‍ലൈന്‍ പാര്‍ട്ണറെ കണ്ടെത്തിയതും നേട്ടം കൈവരിക്കാന്‍ സിയോമിയെ സഹായിച്ചു. കൂടാതെ നിര്‍മ്മാണം വര്‍ധിപ്പിച്ചതും ഉപഭോക്താക്കളുടെ ആവശ്യകതയനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനായതും നേട്ടമായി.

വില്‍പ്പനയുടെ അളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 150 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയതെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്‍(ഐഡിസി) ഇന്ത്യന്‍ ഓപ്പറേഷന്‍സ് തലവന്‍ മനു ജയിന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാംപാദം സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഡസ്ട്രിക്ക് ഏറ്റവും മികച്ച സമയമായിരുന്നു. എറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ രാജ്യത്തേക്കെത്തിയത് ഇക്കാലയളവിലാണ്. 32.3 ദശലക്ഷം സമാര്‍ട്ട്‌ഫോണുകളാണ് വിപണിയിലെത്തിയത്. മി.കോം വഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ സിയോമിയെ ഗംഭീരമായി സ്വീകരിച്ചു. ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ബ്രാന്‍ഡാണ് സിയോമി. ഓണ്‍ലൈനില്‍ വില്‍ക്കപ്പെടുന്ന നാലു സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്ന് സിയോമിയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീപാലി വില്‍പ്പന സീസണില്‍ കമ്പനി സ്വന്തമായി ആരംഭിച്ച ഓണ്‍ലൈന്‍ സൈറ്റായ മി.കോം വഴി 247,000 ലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2014 ല്‍ ദക്ഷിണേഷ്യന്‍ വിപണിയില്‍ പ്രവര്‍ത്തനമാരംഭിച്ച സിയോമി ഈ വര്‍ഷം ന്യായവിലയ്ക്കുള്ള അഞ്ചു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളും മി എയര്‍ പ്യൂരിഫയറും പുറത്തിറക്കിയിട്ടുണ്ട്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് റെഡ്ഡിംഗ്ടണ്‍, ജസ്റ്റ് ബൈ ലൈവ്, ഇന്നോകോം, സ്‌റ്റോര്‍കിംഗ്, വൈഎംഎസ് മൊബിടെക് എന്നീ വിതരണക്കാരുടെ സഹകരണത്തോടെ ഈ വര്‍ഷം സെപ്റ്റംബറില്‍ 8500 റീട്ടെയ്ല്‍ സ്റ്റോറുകളില്‍ സിയോമി സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 7.5 ശതമാനമാണ് ഇപ്പോള്‍ സിയോമിയുടെ പങ്കാളിത്തം. വില്‍പ്പനയില്‍ കൈവരിച്ച നേട്ടം സിയോമിയെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ നാലാം സ്ഥാനത്തിന് അര്‍ഹരാക്കിയിരിക്കുകയാണെന്ന് ഐഡിസി അഭിപ്രായപ്പെടുന്നു. ചൈന കഴിഞ്ഞാല്‍ സിയോമിയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സിയോമി ഇന്ത്യയിലെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാകുമെന്നാണ് കമ്പനിയുടെ ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ലെയ് ജുന്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Branding