നോട്ട് ക്ഷാമം: വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ അടച്ചുപൂട്ടി

നോട്ട് ക്ഷാമം: വൈറ്റ് ലേബല്‍  എടിഎമ്മുകള്‍ അടച്ചുപൂട്ടി

മുംബൈ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാകാത്തതിനാല്‍ ഏകദേശം 14,000 വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ അടച്ചുപൂട്ടി.

ബാങ്കിംഗ് ഇതര സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളവയാണ് വൈറ്റ് ലേബല്‍ എടിഎമ്മുകള്‍. ഒന്നിലധികം ബാങ്കുകള്‍ക്ക് വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ സാധാരണയായി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഗ്രാമീണ മേഖലയിലാണ് ഇത്തരം മെഷീനുകളുടെ 15 ശതമാനവും പ്രവര്‍ത്തിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു ശേഷം എടിഎമ്മുകളുടെ പ്രവര്‍ത്തന ചെലവിന്റെ വകയില്‍ ആഴ്ചതോറും ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഇതുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തിന് എത്രയും വേഗം പണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ (ആര്‍ബിഐ) സമീപിച്ചിട്ടുണ്ട്. ബാങ്കുകള്‍ സ്വന്തം ആവശ്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള പണം ലഭിക്കുന്നില്ല. ലൈസന്‍സ് നിബന്ധന പ്രകാരം വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ക്ക് ആര്‍ബിഐ നേരിട്ട് പണം നല്‍കില്ല. വാണിജ്യ ബാങ്കുകളില്‍ നിന്നാണ് അവശ്യമായ പണം സ്വീകരിക്കേണ്ടത്.
രാജ്യത്തെ 2.15 ലക്ഷം എടിഎമ്മുകളില്‍ 20 ശതമാനം മാത്രമേ ഗ്രാമീണ മേഖലയിലുള്ളു. ബാങ്കുകളുടെ വലിയൊരു വിഭാഗം ഗ്രാമീണ ഇടപാടുകാര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ സഹായിക്കുന്നു.
8,900 മെഷീനുകളുള്ള ടാറ്റ പേയ്‌മെന്റാണ് രാജ്യത്തെ ഏറ്റവും വലിയ വൈറ്റ് ലേബല്‍ എടിഎം നടത്തിപ്പുകാര്‍. രണ്ടാം സ്ഥാനക്കാരായ ബിറ്റിഐ പേയ്‌മെന്റ്. 4200 എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. പ്രതിദിനം ഏകദേശം 10 മില്ല്യണ്‍ ഗ്രാമീണര്‍ 3.5 ലക്ഷം ഇടപാടുകള്‍ക്ക് ബിറ്റിഐ എടിഎമ്മുകളെ ആശ്രയിച്ചുവരുന്നു.

Comments

comments

Categories: Slider, Top Stories