ബോക്‌സിംഗ്: വികാസ് കൃഷ്ണനാണ് താരം

ബോക്‌സിംഗ്:  വികാസ് കൃഷ്ണനാണ് താരം

 

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ (എഐബിഎ) ഈ വര്‍ഷത്തെ മികച്ച ബോക്‌സിംഗ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ യാദവിന്. ഈ അവാര്‍ഡ് സ്വന്തമാക്കുന്ന ഇന്ത്യയുടെ ആദ്യ താരമാണ് വികാസ് കൃഷ്ണന്‍.

2016ല്‍ വികാസ് കൃഷ്ണന്‍ നടത്തിയ പ്രകടനം വിലയിരുത്തിയാണ് ഇന്ത്യന്‍ താരത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് വൂ ചിങ് പറഞ്ഞു.

ഡിസംബര്‍ 20ന്, ബോക്‌സിംഗ് അസോസിയേഷന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ വെച്ച് വികാസ് കൃഷ്ണന് പുരസ്‌കാരം കൈമാറുമെന്ന് ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ അറിയിച്ചു.

വികാസ് കൃഷ്ണന്‍ പരിശീലനത്തിന്റെ ഭാഗമായി ഇപ്പോള്‍ അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണുള്ളത്. പുരസ്‌കാരം മഹത്തരമാണെന്നും നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും ഇരുപത്തിനാല് വയസുകാരനായ വികാസ് കൃഷ്ണന്‍ പ്രതികരിച്ചു.

ലണ്ടന്‍, റിയോ ഒളിംപിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഹരിയാനയിലെ ഭിവാനി സ്വദേശിയായ വികാസ് കൃഷ്ണന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ, വെങ്കല മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ബോക്‌സിംഗ് രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്റെ പ്രത്യേക പുരസ്‌കാരത്തിന് ഇന്ത്യന്‍ വനിതാ താരമായ മേരി കോം മുമ്പ് അര്‍ഹയായിരുന്നു.

Comments

comments

Categories: Sports