ജനകീയ വോട്ടിംഗില്‍ ഹിലരിക്ക് ലഭിച്ചത് കള്ളവോട്ട്: ട്രംപ്

ജനകീയ വോട്ടിംഗില്‍ ഹിലരിക്ക് ലഭിച്ചത് കള്ളവോട്ട്: ട്രംപ്

വാഷിംഗ്ടണ്‍: ജനകീയ വോട്ടിംഗില്‍ ഹിലരിക്ക് ലഭിച്ചത് കള്ളവോട്ടെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തരത്തില്‍ ലഭിച്ച കള്ള വോട്ട് ഒഴിവാക്കിയാല്‍ ജനകീയ വോട്ടിംഗിലും തനിക്ക് തന്നെയായിരിക്കും ഭൂരിപക്ഷമെന്നും ട്രംപ് പറഞ്ഞു.
ഈ മാസം എട്ടിന് നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ജനകീയ വോട്ടിംഗില്‍ ഹിലരിയും ഇലക്ട്രല്‍ കോളജ് വോട്ടിംഗില്‍ ട്രംപുമാണ് ഒന്നാമതെത്തിയത്. ആകെ 538 ഇലക്ട്രര്‍ കോളജ് വോട്ടുകളില്‍ 270 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. ട്രംപിന് 306 വോട്ട് ലഭിച്ചു. ഹിലരിക്കാകട്ടെ 232 വോട്ടാണ് ലഭിച്ചത്. അതേസമയം ജനകീയ വോട്ടിംഗില്‍ ഹിലരി 48 ശതമാനം കരസ്ഥമാക്കിയപ്പോള്‍ ട്രംപിന് ലഭിച്ചത് 47 ശതമാനമാണ്. അതായത് 64,223,958 വോട്ടുകള്‍ ഹിലരിക്ക് ലഭിച്ചു. ട്രംപിനാകട്ടെ 62,206,395 വോട്ടുകളും ലഭിച്ചു.
വിസ്‌കോണ്‍സിന്‍, പെന്‍സല്‍വാനിയ, മിച്ചിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ട്രംപ് ഹിലരിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പെന്‍സല്‍വാനിയയും വിസ്‌കോണ്‍സിനും പരമ്പരാഗതമായി ഡമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ഇപ്രാവിശ്യം ഈ രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കന്മാര്‍ക്ക് അനുകൂലമാവുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഇടപെട്ടെന്നും അതിലൂടെ കള്ളവോട്ട് നടന്നിരിക്കാമെന്നും സംശയം ഉയരാനുള്ള കാരണവും ഇതാണ്.
ഇപ്പോള്‍ വോട്ട് വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ ഫലം ഹിലരിക്ക് അനുകൂലമാവുകയാണെങ്കില്‍ ഇലക്ട്രല്‍ കോളജിലെ വോട്ട് നില മാറും. ഹിലരിക്ക് 278ും ട്രംപിന് 260ും ആകും. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലും ഹിലരി ജയിക്കാനുള്ള സാധ്യത തീരെയില്ല.
വോട്ടെണ്ണല്‍ വീണ്ടും നടത്തുകയാണെങ്കില്‍ ചെലവ് സ്ഥാനാര്‍ഥി തന്നെ വഹിക്കണമെന്നാണു നിയമം. വിസ്‌കോണ്‍സിനില്‍ ഡിസംബര്‍ പത്തിനകം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ പത്ത് സീറ്റുകളാണുള്ളത്.

Comments

comments

Categories: World