കായിക താരങ്ങള്‍ക്കുവേണ്ടി സച്ചിന്റെ ക്ലെവര്‍ ഡ്രൈവ്

കായിക താരങ്ങള്‍ക്കുവേണ്ടി  സച്ചിന്റെ ക്ലെവര്‍ ഡ്രൈവ്

മുംബൈ: കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ വന്‍കിട ബഹുരാഷ്ട്ര കമ്പനികളോട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭ്യര്‍ത്ഥന. മുംബൈ പൊലീസ് ജിംഖാനയില്‍ സംഘടിപ്പിച്ച 69ാം ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ക്രിക്കറ്റില്‍ എന്നെ അതൃപ്തനാക്കുന്നതും മാറ്റം വരുത്തേണ്ടതുമായ ഒരു കാര്യത്തെക്കുറിച്ച് പറയാം. അത് ഇവിടത്തെ നിയമനങ്ങളെ സംബന്ധിച്ചുള്ളതാണ്. മുന്‍പ് കരാര്‍ കളിക്കാര്‍ വളരെ കുറവായിരുന്നു. അവര്‍ക്ക് ഏറെ തൊഴില്‍ സുരക്ഷയുമുണ്ടായിരുന്നു. എന്നാല്‍, ഇന്നതു കാണാന്‍ സാധിക്കുകയില്ല. സാമ്പത്തിക സുരക്ഷയാണ് മികച്ച കളിക്കാരെ സൃഷ്ടിച്ചിരുന്നതെന്ന് ഞാന്‍ കരുതുന്നു- സച്ചിന്‍ വ്യക്തമാക്കി.
ധനപരമായ കാര്യങ്ങളെക്കുറിച്ച് ആശങ്കകളില്ലാതെ വരുമ്പോള്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഇത്തരത്തിലെ ക്രിയാത്മക മാറ്റങ്ങള്‍ മുംബൈ ക്രിക്കറ്റില്‍ വരണം. കളിക്കാര്‍ മികവു കാട്ടുന്നില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. അവരുടെ മികവിനെ തൊഴില്‍ സുരക്ഷ സംബന്ധിച്ച ആശങ്ക ബാധിക്കരുതെന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍, കായിക താരങ്ങളുടെ തൊഴില്‍ സുരക്ഷ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനാല്‍
അവര്‍ക്ക് നിയമനം നല്‍കാന്‍ വലിയ ബഹുരാഷ്ട്ര കമ്പനികള്‍ തയാറാകണം- സച്ചിന്‍ അഭ്യര്‍ത്ഥിച്ചു.
സ്‌കൂള്‍ തലത്തില്‍ ക്രിക്കറ്റ് ടീം രൂപീകരിക്കാനുള്ള തന്റെ ആശയത്തിന് അംഗീകാരം നല്‍കിയ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അദ്ദേഹം നന്ദി അറിയിച്ചു. 2013ല്‍ വിരമിക്കുന്ന വേളയില്‍ മുന്നില്‍വച്ച നിര്‍ദേശം മുംബൈയിലെ സ്‌കൂളുകള്‍ അടുത്തകാലത്ത് നടപ്പിലാക്കിയതായി കാണാന്‍ കഴിഞ്ഞെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Motivation