റെലിഗെയര്‍, ഫോര്‍ട്ടിസ് ബ്രാന്‍ഡുകളുടെ ഹോള്‍ഡിംഗ് കമ്പനി വായ്പയ്ക്കായി നീക്കം തുടങ്ങി

റെലിഗെയര്‍, ഫോര്‍ട്ടിസ് ബ്രാന്‍ഡുകളുടെ ഹോള്‍ഡിംഗ് കമ്പനി വായ്പയ്ക്കായി നീക്കം തുടങ്ങി

റെലിഗെയര്‍, ഫോര്‍ട്ടിസ് ബ്രാന്‍ഡുകളുടെ ഹോള്‍ഡിംഗ് കമ്പനിയായ ആര്‍എച്ച്‌സി ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍എച്ച്പിഎല്‍) 300 മില്യണ്‍ ഡോളര്‍ കടബാധ്യത ഒഴിവാക്കുന്നതിനായി വായ്പ ലഭ്യമാക്കുന്നതിന് ചര്‍ച്ചകളാരംഭിച്ചു. മുന്‍ റാന്‍ബാക്‌സി ലാബോറട്ടറീസ് പ്രൊമോട്ടര്‍മാരായ മല്‍വീന്ദര്‍ മോഹന്‍ സിംഗ്, ശിവീന്ദര്‍ മോഹന്‍ സിംഗ് എന്നിവരുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് ആര്‍എച്ച്പിഎല്‍.

നൊമൂറ ക്യാപിറ്റല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഈഡല്‍വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവയുമായാണ് പുതിയ വായ്പയെടുക്കുന്നത് സംബന്ധിച്ച് ആര്‍എച്ച്പിഎല്‍ കൂടിയാലോചന നടത്തുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ ഇതുവരെ കാര്യമായ പുരോഗതിയില്ല. രാജ്യത്തിനകത്തുനിന്നോ വിദേശ കമ്പനികളില്‍നിന്നോ വായ്പയെടുക്കാനാണ് ആലോചിക്കുന്നത്.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, റെലിഗെയര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, റെലിഗെയര്‍ ഏവിയേഷന്‍ ലിമിറ്റഡ്, റെലിഗെയര്‍ വെല്‍നെസ് ലിമിറ്റഡ്, ഡിയോണ്‍ ഗ്ലോബല്‍ സോലൂഷന്‍സ് ലിമിറ്റഡ്, എസ്ആര്‍എല്‍ ലിമിറ്റഡ്, ഹെല്‍ത്ത് ഫോര്‍ ടെക്‌നോളജീസ് ലിമിറ്റഡ് തുടങ്ങിയ ഗ്രൂപ്പിലെ വിവിധ കമ്പനികളില്‍ കടമായും ഓഹരിയായും ആര്‍എച്ച്പിഎല്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മാര്‍ച്ച് മാസത്തില്‍ ഇക്രാ ലിമിറ്റഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപം നടത്തിയ ആര്‍എച്ച്പിഎല്‍ നോണ്‍-ഗ്രൂപ്പ് കമ്പനികള്‍ക്ക് വായ്പ അനുവദിച്ചിരുന്നതായും കോര്‍പ്പറേറ്റ് ഫയലിംഗില്‍ വ്യക്തമാണ്.

ആര്‍എച്ച്പിഎല്ലിന്റെ വലിയൊരു ശതമാനം കടം ഹ്രസ്വകാലത്തേക്കാണ്. ഇതിനിടെ കമ്പനിയുടെ ഫിനാന്‍സ് ചെലവുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 424 കോടി രൂപയില്‍നിന്ന് 522 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തിരുന്നു. സബ്‌സിഡിയറി കമ്പനികളില്‍നിന്ന് ഡിവിഡന്റായി കാര്യമായ വരുമാനം ലഭിച്ചില്ലെങ്കില്‍ കടം വീട്ടുന്നതിന് ആര്‍എച്ച്പിഎല്ലിന് വേറെ വായ്പയെടുക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

Comments

comments

Categories: Branding