അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകള്‍ക്ക് കറന്‍സി ചെസ്റ്റുകളില്‍ നിക്ഷേപിക്കാം

അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകള്‍ക്ക് കറന്‍സി ചെസ്റ്റുകളില്‍ നിക്ഷേപിക്കാം

ന്യൂഡെല്‍ഹി: അസാധുവാക്കിയ ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകള്‍ ജില്ലാ തലത്തിലുള്ള കറന്‍സി ചെസ്റ്റ് ബ്രാഞ്ചുകളില്‍ (റിസര്‍വ് ബാങ്കിനു വേണ്ടി നോട്ടുകളും കോയിനുകളുമെല്ലാം ശേഖരിക്കുന്ന ബ്രാഞ്ചുകളാണ് ഇത്) നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് അനുവാദം നല്‍കി. മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തോടെ ശേഷിയിലുമധികം നിക്ഷേപം വിവിധ ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ സാഹചര്യം കണക്കിലെടുത്താണ് കറന്‍സി ചെസ്റ്റുകളിലേക്ക് നോട്ടുകള്‍ മാറ്റാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

അതേസമയം കറന്‍സി ചെസ്റ്റ് ഇല്ലാത്ത ബാങ്കുകള്‍ക്ക് അവരുടെ നിക്ഷേപം മുദ്ര കുത്തിയ പെട്ടികളില്‍ നിക്ഷേപിക്കാമെന്നും ഈ നോട്ടുകളുടെ മൂല്യത്തിനനുസരിച്ചുള്ള പുതിയ നോട്ടുകള്‍ ചെസ്റ്റ് ബ്രാഞ്ച് അതതു ബാങ്കുകളുടെ കറന്റ് എക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതായിരിക്കുമെന്നും ആര്‍ബിഐ നിര്‍ദേശത്തില്‍ പറയുന്നു. ചെസ്റ്റ് ബ്രാഞ്ച് സെന്ററില്‍ കറന്റ് എക്കൗണ്ടുള്ള പോസ്റ്റ് ഓഫീസുകള്‍ക്കും അസാധുവാക്കിയ നോട്ടുകള്‍ ഈ സൗകര്യം ഉപയോഗിക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തനത്തിനായി വേണ്ടിവന്ന അധിക ചെലവുകളും ആവശ്യമെങ്കില്‍ തങ്ങള്‍ തന്നെ വഹിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാതല കറന്‍സി ചെസ്റ്റുകളില്‍ ശേഖരിക്കപ്പെടുന്ന പഴയ നോട്ടുകള്‍ ആര്‍ബിഐയുടെ റീജണല്‍ ഓഫിസുകളാണ് മാറ്റിനല്‍കുക. വിമുക്തഭടന്മാരുടെയും മറ്റ് കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍ തുക കൈമാറുന്നതിനാവശ്യമായ തുക ബാങ്കുകളിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശത്തില്‍ പറയുന്നു.

Comments

comments

Categories: Banking, Slider