പപ്പായ കൃഷിലൂടെ വിപണി കീഴടക്കിയ കര്‍ഷകന്‍

പപ്പായ കൃഷിലൂടെ വിപണി കീഴടക്കിയ കര്‍ഷകന്‍

ഒരിക്കല്‍ കേരളത്തിന്റെ തൊടികളില്‍ സര്‍വസാധാരണമായിരുന്നു പപ്പായ എന്ന ഫലവൃക്ഷം. അറിഞ്ഞോ അറിയാതെയോ മുന്‍ തലമുറയുടെ ആരോഗ്യത്തെയും ആയുസ്സിനെയും പപ്പായ പരിപാലിച്ചുപോന്നിട്ടുമുണ്ട്. കാലക്രമത്തില്‍ തൊടികളും അവിടെ സ്വാഭാവികമായി വളര്‍ന്നിരുന്ന ഇത്തരം ചെടികളും കുറഞ്ഞു വന്നു.

കൊളസ്‌ട്രോള്‍, അമിതഭാരം, സന്ധിവാതം എന്നിവ കുറയ്ക്കുക, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴവര്‍ഗം, കണ്ണിന്റെ ആരോഗ്യസംരക്ഷണം, ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, ദഹനത്തെ സഹായിക്കുക, ക്യാന്‍സറിനെ തടയുക, മാനസികസമ്മര്‍ദ്ദം കുറയ്ക്കുക എന്നിങ്ങനെ നീളുന്നു പപ്പായയുടെ ഔഷധ ഗുണങ്ങള്‍.

ഈ ഔഷധഗുണങ്ങള്‍ തിരിച്ചറിയുന്നവര്‍ തീര്‍ച്ചയായും വിപണിയില്‍ പപ്പായ അന്വേഷിച്ചെത്തും എന്ന കണക്കുകൂട്ടലാണ് കേരളത്തില്‍ അധികമാരും കൈവയ്ക്കാത്ത പപ്പായ കൃഷിയിലേക്ക് ബെന്നി വരകപ്പള്ളി എന്ന സാധാരണ കര്‍ഷകനെ എത്തിച്ചത്. പുതിയ ആശയങ്ങള്‍ നടപ്പിലാക്കാനും അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയേ സഞ്ചരിക്കാനും ആദ്യം വേണ്ടത് ആത്മധൈര്യവും വരുന്നത് വരുന്നിടത്തുവെച്ച് നേരിടാനുള്ള തന്റേടവുമാണ്. ഈ ആത്മധൈര്യമാണ് മുന്‍ പരിചയങ്ങള്‍ ഒന്നുമില്ലാത്ത മേഖലയിലേക്ക് ചുവടെടുത്തുവയ്ക്കാന്‍ ബെന്നിയെ പ്രേരിപ്പിച്ചത്.

ഇടുക്കി ജില്ലയില്‍ മേലേചിന്നാറില്‍ ഒരേക്കര്‍ കൃഷി സ്ഥലത്താണ് ബെന്നി വാരാകപ്പള്ളി പരീക്ഷണാടിസ്ഥാനത്തില്‍ പപ്പായ കൃഷി ആരംഭിച്ചത്. ഗുണമേന്മയും മധുരവും കൂടുതലുള്ള തായ്‌വാന്‍ ഇനമായ റെഡ്‌ലേഡിയുടെ സങ്കരയിനം തൈകള്‍ നഴ്‌സറിയില്‍ നിന്ന് വാങ്ങിയാണ് കൃഷിക്കായി ഉപയോഗിച്ചത്. തൈ നട്ട് മൂന്നുമാസം മുതല്‍ പൂവിട്ടു തുടങ്ങും. കായ പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ അഞ്ചുമാസം കൂടിവേണ്ടിവരും. തൈ നട്ട് എട്ടുമാസം മുതല്‍ വിളവെടുത്ത് തുടങ്ങാം. 500 തൈകളില്‍ നിന്ന് ആഴ്ചയില്‍ ശരാശരി 600 കിലോ വിളവ് ലഭിക്കും. എല്ലാ ആഴ്ചയും വിളവെടുക്കാന്‍ കഴിയുമെന്നതും പപ്പായ കൃഷിയുടെ പ്രധാന ഗുണമാണ്. കിലോയ്ക്ക് 25 രൂപയാണ് ബെന്നിക്ക് ലഭിക്കുന്നത്. എറണാകുളം മാര്‍ക്കറ്റില്‍ പപ്പായ കിലോയ്ക്ക് 30 മുതല്‍ 45 രൂപ വരെ വിലയുണ്ട്. ഇതില്‍ തന്നെ റെഡ് ലേഡി ഇനത്തിന് ഡിമാന്റ് കൂടുതലാണെന്ന് വ്യാപാരികള്‍ പറയുന്നു.

തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് കേരള വിപണിയില്‍ പപ്പായ എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന പപ്പായക്ക് അവിടുത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും പ്രത്യേകതകള്‍ കൊണ്ട് ഉപ്പു രസം കൂടുതലാണ്. ഇത് കേരളത്തില്‍ തന്നെ കൃഷി ചെയ്യുന്ന പപ്പായയെ വിപണിയില്‍ കൂടുതല്‍ പ്രിയങ്കരമാക്കുന്നു.

ഫെബ്രുവരിയിലാണ് ബെന്നി തൈകള്‍ വയ്ക്കുന്നത്. ഒരു തൈയ്യുടെ പരിപാലനത്തിന് 100 മുതല്‍ 110 രൂപ വരെ ശരാശരി ചെലവുണ്ട്. ജൈവ കൃഷി രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ മിഷന്‍ ഫോര്‍ ഇന്റഗ്രേഷന്‍ ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ (എംഐഡിഎച്ച്) പദ്ധതി പ്രകാരമുള്ള പിന്തുണയും ബെന്നിക്കുണ്ട്.

ലാഭകരമാണ് പപ്പായ കൃഷി എന്ന് ബെന്നി പറയുന്നു. ഇതിനകം തന്നെ 2,500 കിലോയ്ക്ക് മുകളില്‍ മാര്‍ക്കറ്റില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നുവര്‍ഷംവരെ തമിഴ്‌നാട്ടില്‍ പപ്പായതൈകളില്‍ നിന്ന് വിളവ് ലഭിക്കാറുണ്ട്. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കേരളത്തില്‍ വിളവെടുക്കാന്‍ കഴിയുമെന്നാണ് ബെന്നിയുടെ പ്രതീക്ഷ. എല്ലാ ആഴ്ചയും കൃഷി ഇടത്തില്‍ എത്തി പഴവര്‍ഗങ്ങളുടെ മൊത്തവിതരണക്കാര്‍ പപ്പായ ശേഖരിച്ചു കൊണ്ടു പോകും. എറണാകുളം, തൃശൂര്‍ വിണികളിലൊക്കെ ഈ പപ്പായ വില്‍പനയ്‌ക്കെത്തുന്നു. പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും വിപണി അന്വേഷിച്ച് കര്‍ഷകര്‍ നട്ടം തിരിയുമ്പോള്‍ എത്ര വിളവുണ്ടെങ്കിലും ഞങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി വിപണി ബെന്നിയെ തേടി കൃഷി ഇടത്തിലേക്ക് എത്തി കൊണ്ടിരിക്കുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പപ്പായകൃഷി കൂടുതല്‍ സ്ഥലത്തേയ്ക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബെന്നിയിപ്പോള്‍. കുരുമുളക്, ഏലം, കാപ്പി തുടങ്ങിയ ഹൈറേഞ്ചിന്റെ പരമ്പരാഗത വിളകളില്‍ നിന്ന് ഒന്നു മാറി സഞ്ചരിച്ച ഈ കര്‍ഷകന്‍ കേരളത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം ആവശ്യക്കാരെ സ്വന്തം കൃഷി ഇടത്തില്‍ എത്തിക്കുകയാണ്.

Comments

comments

Categories: Entrepreneurship