പുതിയ നിയമങ്ങള്‍ കോള്‍ മുറിയല്‍ കുറയ്ക്കും: സിഒഎഐ

പുതിയ നിയമങ്ങള്‍ കോള്‍  മുറിയല്‍ കുറയ്ക്കും: സിഒഎഐ

ന്യൂഡെല്‍ഹി: മൊബീല്‍ ടവറുകളുടെ സ്ഥാപനവും ഒപ്റ്റിക്കല്‍ ഫൈബറുകളുടെ വിന്യാസവും സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ കോള്‍ മുറിയല്‍ കുറയ്ക്കുന്നതിനും ബ്രോഡ്ബാന്‍ഡ് വേഗത വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ)യുടെ വിലയിരുത്തല്‍.

ടെലികോം കമ്പനികള്‍ക്ക് കവറേജും ശേഷിയും മെച്ചപ്പെടുത്തുന്നതിന് പുതിയ ചട്ടങ്ങള്‍ സഹായിക്കും. കൂടാതെ, കോളുകള്‍ തടസപ്പെടുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകും. ഇതിന്റെ ആത്യന്തികമായ ഗുണമുണ്ടാകുന്നത് ഉപഭോക്താക്കള്‍ക്കാണ്. ഒപ്റ്റിക്കല്‍ ഫൈബറുകളുടെ ക്രമീകരണത്തില്‍ തദ്ദേശ, സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാല്‍ മികച്ച വേഗതയോടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് കമ്പനികള്‍ പ്രാപ്തരാകും-സഒഎഐ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു. ടെലികോം വകുപ്പ് പുറപ്പെടുവിച്ച ചട്ടങ്ങള്‍ മൊബീല്‍ ഉപയോക്താക്കള്‍ക്ക് നല്ല അനുഭവമായിരിക്കും സമ്മാനിക്കുക. മൊബീല്‍ ടവറുകളുടെ സ്ഥാപനവും ഒപ്റ്റിക്കല്‍ ഫൈബര്‍ കുഴിച്ചിടുന്നതുമായി ബന്ധപ്പെട്ട് ടെലികോം മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ദൂരീകരിക്കുന്നതിന് പുതിയ വ്യവസ്ഥകള്‍ സഹായിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് പ്രാദേശിക ഭരണകൂടങ്ങള്‍ അനാവശ്യ തടസങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപനത്തില്‍ കാലതാമസം നേരിടുന്നെന്ന് കമ്പനികള്‍ ആരോപിച്ചിരുന്നു.

Comments

comments

Categories: Trending