വിജയത്തിന്റെ ജൈത്രയാത്ര

വിജയത്തിന്റെ ജൈത്രയാത്ര

fr-grgrpaulകേരളം ‘ആനന്ദ’ലഹരിയാതോടെ ബിടെക്ക് എന്ന കോഴ്‌സിനോട് പ്രിയമേറിവരികയാണ്. പഠനകാലത്തെ കോളെജ് ജീവിതവും സൗഹൃദവും ആഘോഷങ്ങളുമെല്ലാം സ്വപ്‌നം കാണുന്നവര്‍ക്കുള്ള കോഴ്‌സ് എന്ന പട്ടം ഒരിക്കല്‍ക്കൂടി ബിടെക് കോഴ്‌സിനു ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. കോഴ്‌സിന്റെ ഈ ആകര്‍ഷണീയ വശങ്ങളോടൊപ്പംതന്നെ അക്കാദമിക് മേഖലയ്ക്കും പ്രാധാന്യം നല്‍കി എല്ലാം ഒരു കുടക്കീഴില്‍ വിദ്യാര്‍ഥികളിലേക്കെത്തിക്കുകയാണ് കഴിഞ്ഞ 15 വര്‍ഷമായി തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന മരിയന്‍ എന്‍ജിനീയറിംഗ് കോളെജ്.
മൂന്ന് ബ്രാഞ്ചുകളുമായി വളരെ ലളിതമായാണ് 2001-ല്‍ കോളെജ് പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് ഓരോ വര്‍ഷവും പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുകയായിരുന്നു. നിലവില്‍ അഞ്ച് യുജി ബിടെക് കോഴ്‌സുകളും മൂന്ന് പിജി ബിടെക് കോഴ്‌സുകളുമാണ് ഇവിടെയുള്ളത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ആണ് കോളെജിന്റെ രക്ഷാധികാരി. ”അടിസ്ഥാനപരമായി വിദ്യാഭ്യാസത്തിലൂടെ മാത്രമേ പിന്നോക്കം നില്‍ക്കുന്ന ഒരു സമൂഹത്തിന് മുന്‍പന്തിയിലേക്ക് വരാനാവുകയുള്ളുവെന്നും വിദ്യാഭ്യാസം എക്കാലവും വളരെ നിര്‍ണായകമായ ഒരു കാര്യമാണെന്നതും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ്. കോളെജ് നടത്തുന്നുണ്ടെങ്കില്‍ അത് നിലവാരമുള്ള രീതിയില്‍ തന്നെ നടത്തണമെന്നതായിരുന്നു തുടക്കംമുതലുള്ള ആഗ്രഹം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അടിസ്ഥാനസൗകര്യം, ലാബ് സൗകര്യങ്ങള്‍ തുടങ്ങിയവയിലെല്ലാം വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും മികച്ച ഗുണനിലവാരത്തോടെ ഇവിടെ ഉറപ്പാക്കുന്നു. പിന്നോക്ക സമുദായാംഗങ്ങളെ കൈപിടിച്ചുയര്‍ത്തുകയെന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. ഇതില്‍ ഒരു വലിയ പരിധി വരെ വിജയിക്കാന്‍ കഴിഞ്ഞു,” മരിയന്‍ എന്‍ജിനീയറിംഗ് കോളെജ് മാനേജര്‍ ഫാ. ജോര്‍ജ് പോള്‍ പറയുന്നു.
futureceoഅക്കാദമിക് തലത്തില്‍ നിരവധി റാങ്കുകള്‍ സ്വന്തമാക്കിയാണ് മരിയന്‍ കോളെജിന്റെ ജൈത്രയാത്ര. ഇതിന് പിന്നിലുള്ള വലിയ രഹസ്യവും അനുഗ്രഹവും ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണെന്ന് ഫാ ജോര്‍ജ് പറയുന്നു. ഞങ്ങളുടെ ഭാഗ്യംകൊണ്ട് മികച്ച അര്‍പ്പണബോധമുള്ള അധ്യാപകരുടെ വലിയ നിരതന്നെ ഇവിടെയുണ്ട്. ഒരു ബ്രാഞ്ച് ആരംഭിക്കുന്ന അന്നുമുതല്‍ ആ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായി വരുന്നയാള്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ സംബന്ധിച്ചിടത്തോളം വലിയ ഘടകമാണ്. അധ്യാപനമെന്നത് ജീവിതത്തിലെ വലിയ ദൗത്യമായി ഏറ്റെടുത്തവരാണ് ഞങ്ങളുടെ ഭാഗ്യത്തിന് ഇവിടെ സേവനമനുഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ശക്തമായ പിന്തുണ അസാധാരണമായ ഒന്നാണ്. വളരെ വലിയ വിഷനുള്ള വ്യക്തിയാണ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ടോമി മൈക്കിള്‍. കോളേജിലേക്കെത്തുന്ന എല്ലാവരും ജയിച്ചിരിക്കണമെന്ന നിഷ്ട അദ്ദേഹത്തിനുണ്ട്, അദ്ദേഹം പറയുന്നു. ഇന്‍സൈറ്റ് എന്ന പ്രോഗ്രാമിലൂടെ ഇവിടെ പഠിക്കുന്ന കുട്ടിയുടെ വിവരങ്ങള്‍ ലോകത്തിന്റെ ഏതു ഭാഗത്തിരുന്നാലും അറിയാനാവും. കുട്ടി ക്ലാസിലെത്തിയിട്ടുണ്ടോ, ലഭിച്ചിട്ടുള്ള മാര്‍ക്ക്, മറ്റ് അംഗീകാരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും മാതാപിതാക്കള്‍ക്ക് ഈ സംവിധാനത്തിലൂടെ അറിയാനാവും. ”1700 കുട്ടികളെ നമ്മള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ വിലപ്പെട്ട ഇന്ത്യന്‍ പൗരന്‍മാരാക്കി മാറ്റുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന്റെ ഭാഗമായി വളരെ ശക്തമായ മെന്ററിംഗ് സിസ്റ്റം കോളെജില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പഠിക്കുന്ന കാര്യത്തിലും അതുപോ
ലെതന്നെ വ്യക്തിപരമായ കാര്യങ്ങളിലും മാനസികമായും മറ്റു രീതിയിലുമുള്ള ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കാനും അത്തരം സന്ദര്‍ഭങ്ങളില്‍ അവരോടൊപ്പം നില്‍ക്കാനും മെന്ററിംഗിലൂടെ അധ്യാപകര്‍ക്കു കഴിയും. കുട്ടികളുടെ മാതാപിതാക്കളുമായും അധ്യാപകര്‍ ഇത്തരത്തില്‍ ശക്തമായ ബന്ധം സ്ഥാപിക്കുന്നു. അങ്ങനെ മാതാപിതാക്കളെയും കോളെജിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി അധ്യാപകര്‍ പ്രവര്‍ത്തിക്കും,” അദ്ദേഹം പറയുന്നു.
”ഞങ്ങള്‍ സാന്നിധ്യമറിയിക്കുന്ന മറ്റൊരു പ്രധാന മേഖലയാണ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്. ഇതിലേക്ക് വിദ്യാര്‍ഥികളെയും ഒപ്പം അധ്യാപകരെയും കൊണ്ടുവരുകയെന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇവിടെയുള്ള പന്ത്രണ്ടോളം അധ്യാപകര്‍ പഠിപ്പിക്കുന്നതിനോടൊപ്പംതന്നെ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനായി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് നല്‍കാനാവുന്ന എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ട്. അതുപോലെതന്നെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്നൊരു വിഭാഗവും കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിലൂടെ കുട്ടികളിലേക്ക് കൂടുതല്‍ ആശയങ്ങളെത്തിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്,” ഫാ. ജോര്‍ജ് പറയുന്നു.
മരിയന്‍ എക്‌സലന്‍സ് അവാര്‍ഡ് എന്ന പേരില്‍ ദേശീയ തലത്തിലുള്ള അവാര്‍ഡ് എല്ലാ വര്‍ഷവും കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു. ദേശീയതലത്തില്‍ തന്നെ കുട്ടികളുടെ പ്രൊജക്ടുകള്‍ ക്ഷണിച്ച് അതില്‍ നിന്ന് മികച്ച പ്രൊജക്ടിന് ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുകയായി സമ്മാനിക്കുന്നത്. ഇതിനുപുറമേ കോളെജിലെ കുട്ടികള്‍ക്കായി ഇത്തരത്തിലുള്ള അവാര്‍ഡെന്ന ചിന്തയില്‍ നിന്നാണ് എല്ലാ ബ്രാഞ്ചുകളേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ ബ്രാഞ്ചിനും പ്രത്യേകമായി അവാര്‍ഡ് നല്‍കുകയെന്ന ആശയം ഉടലെടുത്തത്.
ഇക്കാലത്ത് നിരവധി കുട്ടികള്‍ പഠിച്ചിറങ്ങുന്നുണ്ടെങ്കിലും അവരുടെ മികവ് അത്ര തൃപ്തികരമല്ലെന്ന ആക്ഷേപം നിഷേധിക്കാനാവില്ലെന്നും ഫാ ജോര്‍ജ് അഭിപ്രായപ്പെടുന്നു. ആരാണ് ജീവിതത്തില്‍ വിജയിക്കുന്നതെന്നു ചോദിച്ചാല്‍ നന്നായി പരിശ്രമിക്കുന്നവര്‍ മാത്രം എന്നാണ് ഇതിനുള്ള ഉത്തരം. അത് കോളെജായാലും വിദ്യാര്‍ഥികളായാലും അങ്ങനെതന്നെയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷം നിറഞ്ഞ വെല്ലുവിളിയാണ്. ഈ വെല്ലുവിളി മുന്നില്‍ക്കണ്ടാണ് വിദ്യാര്‍ഥികളുടെ മികച്ച അക്കാദമിക് റിസള്‍ട്ടിനായി ശ്രമിക്കുന്നതിനോടൊപ്പം തന്നെ പ്ലേസ്‌മെന്റുകളുടെ കാര്യത്തിലും വളരെയേറെ ശ്രദ്ധിക്കുന്നത്. ലക്ഷ്യം തൊഴില്‍ ചെയ്യാന്‍ കഴിവുള്ളവരാക്കി അവരെ മാറ്റുകയെന്നത് തന്നെയാണ്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികളെ ഇന്‍ഡസ്ട്രിയുമായി കൂടുതല്‍ അടുപ്പിക്കാന്‍ ഇന്‍ഡസ്ട്രിയല്‍ പ്രോഗ്രാമുകളില്‍ അവരെ കൂടുതലായി പങ്കെടുപ്പിക്കുന്നുമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
”മുന്‍കാലങ്ങളിലെ സാഹചര്യം പരിശോധിച്ചാല്‍ എന്‍ജിനീയറിംഗ് കോളെജുകളുടെ എണ്ണം വളരെക്കുറവായിരുന്നു. അതുകൊണ്ടുതന്നെ എന്‍ജിനീയറിംഗ് പഠനത്തിനായി പോകുന്ന കുട്ടികളെല്ലാം വളരെയേറെ കഴിവുള്ളവര്‍ മാത്രമായിരുന്നു. എല്ലാവര്‍ക്കും അഡ്മിഷന്‍ എന്നത് അക്കാലത്ത് സാധ്യമാകുന്ന കാര്യമായിരുന്നില്ല. മറ്റൊരുകാര്യം ആദ്യ വര്‍ഷത്തെ രണ്ടു പരീക്ഷകള്‍ പാസായില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അടുത്ത സെമസ്റ്ററുകളിലേക്ക് കടക്കാമെന്ന സംവിധാനം നിലവില്‍ വന്നു എന്നതാണ്. മുന്‍പ് അങ്ങനെയായിരുന്നില്ല. അങ്ങനെവന്നപ്പോള്‍ കുട്ടികളുടെ ഗുണനിലവാരം കുറയുകയെന്നതു സ്വാഭാവികമായി. അതുകൊണ്ട് ഒരുപാട് വിഷയങ്ങള്‍ ബാക്ക്‌പേപ്പറുള്ള നിരവധി കുട്ടികളും അവരോടൊപ്പം എല്ലാവിഷയങ്ങളും പാസായ കുട്ടികളും ഇരിക്കുമ്പോള്‍ ക്ലാസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുമുണ്ടാകും ഇതൊക്കെയാണ് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയാനുള്ള ഘടകങ്ങളായി ഞാന്‍ കാണുന്നത്,” അദ്ദേഹം പറയുന്നു.
”മരിയന്‍ എന്‍ജിനീയറിംഗ് കോളെജിലെ കുട്ടികള്‍ റാങ്ക് നേടുന്നുവെന്നു പറയുമ്പോള്‍ അതിനു പിന്നില്‍ മനസിലാക്കേണ്ട മറ്റൊരുകാര്യമുണ്ട്. അതായത്, കോഴ്‌സുകള്‍ക്ക് ചേരുന്നതിന് മുന്‍പ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഹയര്‍സെക്കന്‍ഡറി തലത്തിലും എന്‍ട്രന്‍സിലുമെല്ലാം നേടുന്നവര്‍ സര്‍ക്കാര്‍ കോളേജുകളിലാണ് എന്‍ജിനീയറിംഗ് പഠനത്തിനായി പ്രവേശിക്കുന്നത്. അടുത്തതലത്തിലുള്ളവര്‍ സര്‍ക്കാര്‍ കോളെജുകളില്‍ അഡ്മിഷന്‍ ലഭിച്ചില്ലെങ്കില്‍ സെമി സെല്‍ഫ് ഫൈനാന്‍സിംഗ് കോളെജുകളില്‍ പോകും. അതും കഴിഞ്ഞുള്ളവരാണ് ഇവിടെയെത്തുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കു ലഭിക്കുന്നത് തേര്‍ഡ് ഗ്രേഡ് വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെയാണെന്നു പറയാം. എന്നാല്‍ ആ കുട്ടികളെയാണ് സര്‍വകലാശാലാ തലത്തില്‍ റാങ്ക് വാങ്ങുന്നവരാക്കി ഞങ്ങള്‍ മാറ്റുന്നത്,”ഫാ. ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.
”കോളേജിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിംഗ് ഉദ്ഘാടനത്തിനായി മുന്‍ രാഷ്ട്രപതി ഡോ അബ്ദുള്‍ കലാം എത്തിയതും കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചതും ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട കാര്യമാണ്. അദ്ദേഹം അന്ന് വിദ്യാര്‍ഥികളോടു പറഞ്ഞ ഒരു കാര്യം, ‘നിങ്ങളും നിങ്ങളുടെ ജീവിതവും രാജ്യത്തിന് വളരെ വിലപ്പെട്ടതാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ നിങ്ങളറിയാതെ നിങ്ങളുടെ ജീവിതം ഒരു പേജ് എഴുതിവയ്ക്കുകയാണ്. ആ രീതിയില്‍ എന്‍ജിനീയറിംഗ് രംഗത്തുനില്‍ക്കുന്ന നിങ്ങള്‍ നിങ്ങളുടേതായ സംഭാവന രാജ്യത്തിന് ലഭ്യമാക്കുന്നു. റിസര്‍ച്ചുകള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ കണ്ടെത്തലുകളും നിങ്ങളുടെ പഠനങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഏതുപരിധിവരെ ഒരു ഉത്തരമായി മാറുമെന്നു ചിന്തിക്കണം’ എന്ന ചിന്തയാണ് ഡോ. അബ്ദുള്‍കലാം പങ്കുവച്ചത്,”ഫാ. ജോര്‍ജ് ഓര്‍മിക്കുന്നു

Comments

comments

Categories: FK Special