നോട്ട് അസാധുവാക്കല്‍ പരാജയപ്പെട്ടേക്കും: കൗശിക് ബസു

നോട്ട് അസാധുവാക്കല്‍ പരാജയപ്പെട്ടേക്കും: കൗശിക് ബസു

 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സുപ്രധാന സാമ്പത്തിക പരിഷ്‌കരണമായ നോട്ട് അസാധുവാക്കല്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസു. അഴിമതി തടയുക, കള്ളപ്പണം തുടച്ചു നീക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളോടെയാണ് നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കിയ രീതി ശരിയായില്ല. സര്‍ക്കാരിന് ഇത്തരമൊരു നയം നടപ്പിലാക്കുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം നല്ലതാണെങ്കിലും അത് സാധ്യമാകാന്‍ ഇടയില്ല-ബസു പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ബസുവിന്റെ വിമര്‍ശനം.

രാജ്യത്തെ സാമ്പത്തിക ക്രിയവിക്രയത്തില്‍ നല്ലൊരു ശതമാനവും ഉപയോഗിക്കപ്പെട്ടിരുന്നത് 500, 1000 നോട്ടുകളായിരുന്നു. അതുകൊണ്ട് തന്നെ ഈ നോട്ടുകള്‍ പിന്‍വലിച്ചത് വലിയ ആഘാതമാണ് സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയത്. കള്ളപ്പണം സമൂഹത്തിന്റെ മുകള്‍ത്തട്ടിലുള്ളവരിലാണ് ഏറ്റവും കൂടുതലുള്ളതെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ കള്ളപ്പണത്തിനെതിരെയുള്ള നോട്ട് അസാധുവാക്കല്‍ നയം സമൂഹത്തിലെ മധ്യവര്‍ഗത്തിനെയും കുറഞ്ഞ വരുമാനക്കാരെയും ദരിദ്രരെയുമാണ് വലിയ രീതിയില്‍ ബാധിച്ചതെന്ന് ബസു പറഞ്ഞു. തെറ്റായ ടാര്‍ഗറ്റുകളിലാണ് നോട്ട് അസാധുവാക്കല്‍ ചെന്നു പതിക്കുന്നതെന്നും കൗശിക് ബസു നിരീക്ഷിക്കുന്നു.

Comments

comments

Categories: Slider, Top Stories