ഇസ്രയേല്‍ സൈനികരെ ആക്രമിച്ച നാല് ഐഎസ് തീവ്രവാദികളെ വധിച്ചു

ഇസ്രയേല്‍ സൈനികരെ ആക്രമിച്ച നാല് ഐഎസ് തീവ്രവാദികളെ വധിച്ചു

 

ജറുസലേം: ഇസ്രയേലിനെതിരേ ആക്രമണം നടത്തിയ ഐഎസ് തീവ്രവാദി സംഘടനയ്ക്കു കനത്ത തിരിച്ചടി. സിറിയയിലെ ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ മലനിരകളില്‍ കാവല്‍ നിന്ന ഇസ്രയേല്‍ സൈനികര്‍ക്കെതിരേയാണ് ഐഎസ് ചെറുപീരങ്കിയും തോക്കും ഉപയോഗിച്ച് ആക്രമിച്ചത്. എന്നാല്‍ ഐഎസിന്റെ നീക്കം മനസിലാക്കിയ ഇസ്രയേല്‍ നാല് ജിഹാദികളെ വധിച്ചു. ആക്രമണ പ്രത്യാക്രമണത്തില്‍ ഇസ്രയേല്‍ സൈനികര്‍ക്ക് യാതൊന്നും സംഭവിച്ചതുമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഐഎസുമായി ബന്ധം പുലര്‍ത്തുന്ന സുഹാദ-അല്‍-യാര്‍മുക് എന്ന സംഘടനയില്‍നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നു സൂചനയുണ്ട്. എന്നാല്‍ ആക്രമികളെ ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു.
2011ല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനു ശേഷം ഇസ്രയേലിനെതിരേ ഒറ്റ തിരിഞ്ഞുള്ള ഷെല്ലാക്രമണമുണ്ടായിരുന്നു. എന്നാല്‍ ഇത് ആദ്യമായിട്ടാണ് ഇസ്രയേലിനെതിരേ കരുതിക്കൂട്ടിയുള്ള ആക്രമണം നടക്കുന്നത്.
ഐഎസിന്റെ ആക്രമണത്തെ ചെറുത്ത് തോല്‍പ്പിച്ച സൈനികരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അഭിനന്ദിച്ചു. സിറിയയില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ ഇസ്രയേലിനെ ലക്ഷ്യംവയ്ക്കാനുള്ള ശത്രുക്കളുടെ നീക്കത്തെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്നു നെതന്യാഹു പറഞ്ഞു.
സിറിയയുടെ ദക്ഷിണ പശ്ചിമ ദേശത്ത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനയിടമാണു ഗോലാന്‍ മലനിരകള്‍. 1967ല്‍ ആറ് ദിവസം നീണ്ടുനിന്ന യുദ്ധത്തിലൂടെയാണ് ഇസ്രയേല്‍ ഗോലാന്‍ മലനിരകള്‍ സ്വന്തമാക്കിയത്. 1973ല്‍ നടന്ന യുദ്ധത്തിലൂടെ പ്രദേശം തിരിച്ചുപിടിക്കാന്‍ സിറിയ ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് 1974 മുതല്‍ യുഎന്‍ നിരീക്ഷണത്തിലാണ് പ്രദേശം. ഏകദേശം 20,000-ാളം ജൂതന്മാര്‍ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നാണു കണക്ക്.

Comments

comments

Categories: World