സ്വിസ് എക്കൗണ്ടിലെ കള്ളപ്പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി

സ്വിസ് എക്കൗണ്ടിലെ കള്ളപ്പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി

 

ന്യൂഡെല്‍ഹി: സ്വിസ് ബാങ്കിലെ കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ കുറച്ചു മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച സഹായം തേടി 20 അപേക്ഷകളാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാരിന് ഇന്ത്യ അയച്ചത്. 2019 സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്ന ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് എക്കൗണ്ടുകളുടെ വിവരങ്ങള്‍ കൈമാറുന്നതിനു സമ്മതിച്ചുകൊണ്ടുള്ള കരാറില്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും അടുത്തിടെയാണ് ഒപ്പുവെച്ചത്.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ മുന്‍ സിഇഒ, ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ, ദുബായ് ആസ്ഥാനമായ ഇന്ത്യന്‍ ബാങ്കര്‍, പ്രവാസിയായ ഗുജറാത്തി ബിസിനസുകാരന്‍, പ്രമുഖനായ പിടികിട്ടാപ്പുള്ളി, ഇയാളുടെ ഭാര്യ എന്നിവരടക്കമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപ വിവരങ്ങളാണ് സ്വിസ് സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടത്. ഇന്ത്യ മുന്‍പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നികുതിവെട്ടിപ്പു നടത്തിയ ഏതാനും പൗരന്മാരുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഫെഡറല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ നിക്ഷേപ വിവരങ്ങളാണ് ഇന്ത്യ ഇപ്പോള്‍ ആവശ്യപ്പെട്ടത്.

ഈ മാസം മാത്രം ഇന്ത്യ കൈമാറിയ അഞ്ചു കള്ളപ്പണക്കാരുടെ വിവരങ്ങള്‍ സ്വിസ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂണിനുശേഷം ഇന്ത്യ നല്‍കിയ 20 അപേക്ഷകളുടെ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചു. പ്രതിയായ വ്യക്തിയുടെ പേര്, ജനനത്തീയതി, പൗരത്വം എന്നീ വിവരങ്ങളാണു സ്വിസ് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. കമ്പനികളുടെ കാര്യത്തില്‍ പേരും രജിസ്റ്റര്‍ ചെയ്ത രാജ്യവും മാത്രമാണു പ്രസിദ്ധീകരിക്കുക. ഇന്ത്യ നല്‍കുന്ന വിവരങ്ങള്‍ നിയമപ്രകാരം പരിശോധിച്ച ശേഷം മാത്രമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.

അതേസമയം സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം കുറയുന്നതായാണ് വിവരം. സ്വിസ് നാഷണല്‍ ബാങ്ക് രേഖകള്‍ പ്രകാരം ഇന്ത്യക്കാരുടെ നിക്ഷേപം 2015ല്‍ 8392 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2006ല്‍ ഇത് 23,000 കോടി രൂപയായിരുന്നു.

Comments

comments

Categories: Slider, Top Stories