ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്: മരീന്‍ ലെ പെന്നിന് ഫ്രാങ്കോയിസ് ഫില്ലന്‍ ഭീഷണിയാവുന്നു

ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്: മരീന്‍ ലെ പെന്നിന് ഫ്രാങ്കോയിസ് ഫില്ലന്‍ ഭീഷണിയാവുന്നു

അടുത്ത വര്‍ഷം മേയ് മാസം യൂറോപ്പ് ഉറ്റുനോക്കുന്ന ഒരു മത്സരം അരങ്ങേറാന്‍ പോവുകയാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ ശക്തിയായ ഫ്രാന്‍സിലാണ് ആ മത്സരം നടക്കുക. സമ്പദ്‌രംഗം താറുമാവുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്ത ഫ്രാന്‍സില്‍ തീവ്രവാദ ഭീഷണിയും നില്‍നില്‍ക്കുന്നുണ്ട്. സമീപകാലത്തൊന്നും സാക്ഷ്യം വഹിക്കാത്ത വിധം ഫ്രാന്‍സ് ജാതിയുടെയും വംശത്തിന്റെയും പേരില്‍ വിഭജിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.

ബ്രെക്‌സിറ്റും ട്രംപിന്റെ ജയവും യൂറോപ്പിലെയും പാശ്ചാത്യ ലോകത്തിലെയും തീവ്ര വലത്പക്ഷ വിഭാഗക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ലിബറല്‍ ഡമോക്രാറ്റുകളുടെ കാലം കഴിഞ്ഞെന്നും തീവ്ര വലത്പക്ഷ നിലപാടുകള്‍ക്കാണ് സ്വീകാര്യതയേറിയിരിക്കുന്നതെന്നും പൊതുവേ കരുതുന്നുണ്ട്. ഈയൊരു ഘടകമാണ് മരീന്‍ ലെ പെന്നിനു ഗുണകരമാകുമെന്നു കരുതുന്നതും. ഫ്രാന്‍സിലെ ഫ്രണ്ട് നാഷണല്‍ എന്ന പാര്‍ട്ടിയുടെ നേതാവാണ് മരീന്‍ ലെ പെന്‍.
എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഫില്ലനു ഫ്രാന്‍സിലെ പൊതുസമൂഹം നല്‍കുന്ന സ്വീകാര്യത ആരെയും അതിശയിപ്പിക്കുന്നതാണ്. അടുത്ത വര്‍ഷം പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ എതിരാളിയാകുമെന്നു കരുതുന്ന മരീന്‍ ലെ പെന്നിനെയും അസ്വസ്ഥമാക്കുന്നുണ്ട് ഫില്ലന്റെ ജനകീയ പരിവേഷം. കുടുംബമൂല്യങ്ങളില്‍ ഫില്ലന്‍ പുലര്‍ത്തുന്ന പരമ്പരാഗത, സാമൂഹിക യാഥാസ്ഥിതിക നിലപാട്, ഫ്രഞ്ച് ദേശീയതയ്ക്കും പരമാധികാരത്തിനും നല്‍കുന്ന പ്രത്യേക ഊന്നല്‍, കുടിയേറ്റം നിയന്ത്രിക്കുന്നതിലും, ഇസ്ലാം മതവിഭാഗങ്ങളുടെ ആചാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണത്തെക്കുറിച്ചും പുലര്‍ത്തുന്ന കണിശത, അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ പോരാടുന്ന പുടിനോട് സ്വീകരിച്ചിരിക്കുന്ന അനുകൂല നിലപാട് തുടങ്ങിയവയാണ് ഫില്ലന് ഫ്രാന്‍സില്‍ വന്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമായിരിക്കുന്നത്. ഇത്തരം നയങ്ങളിലൂടെ ലെ പെന്നിനോട് ആഭിമുഖ്യമുള്ള യാഥാസ്ഥിതിക നിലപാടുകാരെ ആകര്‍ഷിക്കാന്‍ ഫില്ലനു സാധിച്ചിട്ടുണ്ട്.

പക്ഷേ ഇതൊന്നും 35 വര്‍ഷം രാഷ്ട്രീയം പയറ്റുന്ന ഫ്രാന്‍സിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ ഫില്ലനു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഘടകങ്ങളല്ല. വലത് തീവ്ര നിലപാട് പുലര്‍ത്തുന്നയാളാണെങ്കിലും ഫില്ലന്‍ ഒരു populist (ജനസംഖ്യയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതെന്നവകാശപ്പെടുന്ന പാര്‍ട്ടിയിലെ അംഗം) അല്ല. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ നിലപാടിനോട് ഏറെക്കുറെ സാമ്യം പുലര്‍ത്തുന്ന വ്യക്തിയാണു ഫില്ലനെന്ന് ഫ്രാന്‍സിലെ രാഷ്ട്രീയ ലോകം പറയുന്നു.(ബ്രിട്ടനില്‍ തീവ്ര വലത്പക്ഷ നിലപാട് പുലര്‍ത്തുന്ന രാഷ്ട്രീയക്കാരന്‍ ukip യുടെ നീല്‍ ഫാരെയാണ്. ഇദ്ദേഹമാണ് ബ്രെക്‌സിറ്റ് വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്). ഫില്ലനെതിരേ മത്സരിക്കാന്‍ ഒരുങ്ങുന്ന മരീന്‍ ലെ പെന്നിന് ആശ്വാസമേകുന്ന ഘടകവും ഇതു തന്നെയാണ്. നിലപാടില്‍ കണിശത പുലര്‍ത്തുമ്പോഴും ഫില്ലന് populist പരിവേഷമില്ലെന്നത് മരീന്‍ ലെ പെന്നിന് അല്‍പം ആശ്വാസമേകുന്നുണ്ട്.
the people versus the elite എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മരീന്‍ പ്രചാരണം നയിക്കുന്നത്. ഫില്ലന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സമ്പന്നരുടെ പ്രശ്‌നങ്ങള്‍ മാത്രമാണു പരിഗണിച്ചിരുന്നതെന്നും തൊഴിലാളി വര്‍ഗങ്ങളുടെ തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങളെ അവഗണിച്ചെന്നും മരീന്‍ ലെ പെന്‍ ആരോപിക്കുന്നു.

ഫ്രാന്‍സില്‍ അടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ സാമ്പത്തിക നയമായിരിക്കും പ്രധാനമായും വിജയം നിശ്ചയിക്കുന്നത്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഫ്രാന്‍സിന് സ്വതന്ത്ര വിപണിയുടെ പരിഷ്‌കാരത്തിലൂടെയും ചെലവ് ചുരുക്കിയും radical shock (സമൂല മാറ്റം) സമ്മാനിക്കുമെന്നാണ് ഫില്ലന്റെ വാഗ്ദാനം. അതേസമയം മരീന്‍ ലെ പെന്നാകട്ടെ, രാജ്യം മറന്ന അധ:സ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി നിലകൊള്ളുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോളവത്കരണത്തിനെതിരാണ് ലെ പെന്‍ അതോടൊപ്പം സംരക്ഷണവാദത്തെ( protectionism) അനുകൂലിക്കുന്നുമുണ്ട്. പൊതുമേഖലാ രംഗത്തെ അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുമെന്നും ലെ പെന്‍ പ്രസ്താവിച്ചിട്ടുണ്ട്.

Comments

comments

Categories: Trending, World