ഇന്ത്യന്‍ വിപണിയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് തന്നെ മുന്നില്‍

ഇന്ത്യന്‍ വിപണിയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് തന്നെ മുന്നില്‍

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ഏറ്റവും പ്രചാരമുള്ള ബ്രാന്‍ഡ് ഫ്‌ളിപ്പ്കാര്‍ട്ട് തന്നെയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ വിശകലനത്തിലാണ് ഇ-കൊമേഴ്‌സ് ഇടങ്ങളില്‍ ഫ്‌ളിപ്പ്കാര്‍ട്ട് തങ്ങളുടെ മുന്നേറ്റം നിലനിര്‍ത്തിയതായി കാണുന്നത്. അതേസമയം നേരിയ വ്യത്യാസത്തിലാണ് മുഖ്യ എതിരാളിയായ ആമസോണിനെ ഫ്‌ളിപ്കാര്‍ട്ട് മറികടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ പാദത്തില്‍ 95 പോയിന്റുകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് സ്വന്തമാക്കിയിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്നു മാസത്തെ റിപ്പോര്‍ട്ടില്‍ ഇത് 97 ആയി ഉയര്‍ന്നിട്ടുണ്ട്. മാര്‍ക്കറ്റിംഗ് പദ്ധതികള്‍ക്കു വേണ്ടി വന്‍ ചെലവഴിക്കല്‍ നടത്തിയതാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ നില ഉയര്‍ത്തിയതെന്നും റെഡ്‌സീര്‍ ഇ-ടെയ്‌ലിംഗ് ലീഡര്‍ഷിപ്പ് ഇന്‍ഡക്‌സില്‍ പറയുന്നു. ബിഗ് ബില്യണ്‍ ഡേ വില്‍പ്പനയോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയിലുണ്ടായ ആകാംക്ഷ നിറഞ്ഞ സമീപനവും ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പ്രചാരം വര്‍ധിപ്പിച്ചതായാണ് വിലയിരുത്തല്‍.

വളരെ പെട്ടെന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനു വേണ്ടി 100 മില്യണിലധികം ഡോളറാണ് ആമസോണ്‍ ചെലവഴിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സ് എന്ന ഖ്യാതി ഇപ്പോഴും ഫ്‌ളിപ്പ്കാര്‍ട്ടിനു തന്നെയാണെന്നതിന്റെ സൂചനയാണ് ഒക്‌റ്റോബര്‍ വരെയുള്ള റിപ്പോര്‍ട്ട് തരുന്നത്. ഡിജിറ്റല്‍ വാലറ്റിന്റെ പിന്തുണയോടെ ഡിജിറ്റല്‍ പേമെന്റ് ആന്‍ഡ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎമ്മും വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Slider, Top Stories