ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എക്‌സ്പ്രസ് വൈഫൈക്കൊരുങ്ങി ഫേസ്ബുക്ക്

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എക്‌സ്പ്രസ് വൈഫൈക്കൊരുങ്ങി ഫേസ്ബുക്ക്

ന്യൂഡെല്‍ഹി: നെറ്റ് ന്യൂട്രാലിറ്റി വിവാദങ്ങളില്‍ അകപ്പെട്ട ഫ്രീ ബേസിക്‌സ് പദ്ധതിക്കു ശേഷം ഗ്രാമീണ ഇന്ത്യയെ ലക്ഷ്യമിട്ട് എക്‌സ്പ്രസ് വൈഫൈ എന്ന പേരില്‍ ഇന്റര്‍നെറ്റ് സേവനം കാഴ്ച്ചവെക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിക്കാണ് ഫേസ്ബുക്ക് തയാറെടുക്കുന്നത്. നേരത്തേ ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് പദ്ധതി ഇന്റര്‍നെറ്റ് സമത്വത്തെ അട്ടിമറിക്കുന്നു എന്ന പേരില്‍ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് വൈഫൈ സജ്ജമാക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. ഇന്ത്യയില്‍ എക്‌സ്പ്രസ് വൈഫൈ പ്രവര്‍ത്തനം ആരംഭിച്ചതായി ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പേജ് വ്യക്തമാക്കുന്നു. ലോകത്തെല്ലായിടത്തെയും വിദൂര സ്ഥലങ്ങള്‍ തമ്മില്‍ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിന് ക്യാരിയര്‍മാര്‍, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍, പ്രാദേശിക സംരംഭകര്‍ എന്നിവരുമായി ഫേസ്ബുക്ക് സഹകരിച്ചുവരികയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ സേവനം ഉടനെ വ്യാപിപ്പിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

ഫ്രീ ബേസിക്‌സ് പദ്ധതി പോലെ ഇന്റര്‍നെറ്റിലെ തെരഞ്ഞെടുക്കുന്നതിനുള്ള ഉപയോക്താവിന്റെ അവകാശത്തെ പരിമിതപ്പെടുത്തിക്കൊണ്ടാണോ എക്‌സ്പ്രസ് വൈഫൈയും പ്രവര്‍ത്തിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ ചുറ്റുവട്ടത്ത് വൈഫൈ വിതരണം ചെയ്ത് വരുമാനമുണ്ടാക്കാന്‍ ഈ പദ്ധതിയിലൂടെ പ്രാദേശിക സംരംഭകര്‍ക്ക് കഴിയും. പ്രാദേശിക ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കോ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കോ ഫേസ്ബുക്ക് നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വൈഫൈ നല്‍കാം.

എക്‌സ്പ്രസ് വൈഫൈയുടെ ഭാഗമാകുന്ന എല്ലാവര്‍ക്കുമായി സുസ്ഥിര സാമ്പത്തിക മാതൃക അവതരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു. ഇത് ഇന്ത്യയെ ഒന്നാകെ ഓണ്‍ലൈന്‍ കുടക്കീഴില്‍ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കി. ഇപ്പോള്‍ പദ്ധതിയുമായി സഹകരിക്കുന്നവരെക്കുറിച്ചോ ഏതെല്ലാം സ്ഥലങ്ങളിലാണ് നടപ്പാക്കുന്നത് എന്നതു സംബന്ധിച്ചോ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

നേരത്തെ ഫേസ്ബുക്ക് ഇന്ത്യയില്‍ തങ്ങളുടെ ഫ്രീ ബേസിക്‌സ് പദ്ധതി വിമര്‍ശനങ്ങളെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അടുത്തിടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന രീതിയില്‍ തങ്ങളുടെ ന്യൂസ് ഫീഡ് ക്രമീകരിച്ചെന്ന ആക്ഷേപവും ഫേസ്ബുക്കിനു നേരേയുണ്ട്.

Comments

comments

Categories: Slider, Top Stories