ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് ജയം, യുണൈറ്റഡിന് സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ആഴ്‌സണലിന് ജയം, യുണൈറ്റഡിന് സമനില

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ ആഴ്‌സണലിന് ജയം. ബേണ്‍മൗത്തിനെയാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. അതേസമയം, കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ഹാം യുണൈറ്റഡിനോട് സമനില വഴങ്ങി.

ബോണ്‍മൗത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. ആഴ്‌സണലിന് വേണ്ടി ചിലിയുടെ അലക്‌സിസ് സാഞ്ചസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് താരം തിയോ വാല്‍ക്കോട്ട് ഒരു തവണ വല കുലുക്കി. മത്സരത്തിന്റെ 23-ാം മിനുറ്റില്‍ കാല്ലം വില്‍സണെടുത്ത പെനാല്‍റ്റിയിലൂടെയായിരുന്നു ബേണ്‍മൗത്തിന്റെ ആശ്വാസ ഗോള്‍.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓരോ ഗോളുകളുടെ സമിനിലയാണ് വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ വഴങ്ങിയത്. മത്സരത്തിന്റെ രണ്ടാം മിനുറ്റില്‍ തന്നെ ഡിയാഫ്ര സകോയിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. എന്നാല്‍ 21-ാം മിനുറ്റില്‍ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു.

മത്സരത്തിനിടെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചതില്‍ പ്രതിഷേധിച്ച് വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറിഞ്ഞോയെ റഫറി ടച് ലൈനില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 1990ന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രോഫോര്‍ഡില്‍ തുടര്‍ച്ചയായ നാല് കളികളില്‍ വിജയം നേടാന്‍ സാധിക്കാതിരിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ സ്റ്റോക് സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് വാറ്റ്‌ഫോര്‍ഡിനെയും അതേ സ്‌കോറിന് സതാംപ്ടണ്‍ എവര്‍ട്ടണിനെയും പരാജയപ്പെടുത്തി. പതിമൂന്ന് മത്സരങ്ങളില്‍ നിന്നും യഥാക്രമം 28, 20 പോയിന്റ് വീതമുള്ള ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ നാല്, ആറ് സ്ഥാനങ്ങളിലാണ്. ഇത്രയും കളികളില്‍ നിന്നും 31 പോയിന്റുള്ള ചെല്‍സിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

Comments

comments

Categories: Sports