നോട്ട് അസാധുവാക്കല്‍: വാഹന വില്‍പ്പന സാധാരണനിലയിലാകാന്‍ സമയമെടുക്കും

നോട്ട് അസാധുവാക്കല്‍: വാഹന വില്‍പ്പന സാധാരണനിലയിലാകാന്‍ സമയമെടുക്കും

മുംബൈ: നോട്ട് അസാധുവാക്കല്‍ തീരുമാനം മൂന്നാഴ്ച പിന്നിടുമ്പോള്‍ വാഹന ഷോറൂമുകളിലുള്ള അന്വേഷണങ്ങളില്‍ നേരിയ വര്‍ധന രേഖപ്പെടുത്താന്‍ ആരംഭിച്ചു. ഗ്രാമീണ വിപണിയില്‍ വൈറ്റ് ആന്‍ഡ് വാച്ച് സമീപനമാണ് ഉപഭോക്താക്കള്‍ പ്രകടിപ്പിക്കുന്നതെന്ന് വിപണി വൃത്തങ്ങള്‍.

നിലവിലെ സാഹചര്യമനുസരിച്ച് വിപണി സാധാരണനിലയിലെത്തുന്നതിന് കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്ന വിലയിരുത്തലുകളുണ്ട്. പണലഭ്യത കുറഞ്ഞതോടെ ഈ വര്‍ഷം ഒട്ടുമിക്ക കമ്പനികളും ലക്ഷ്യമിട്ടിരുന്ന രണ്ടക്ക വളര്‍ച്ചയില്‍ എത്തിപ്പെടാന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതോടെ 50 മുതല്‍ 80 ശതമാനം വരെ വില്‍പ്പനയിടിവാണ് ഷോറൂമുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പ്പന കുറഞ്ഞതോടെ ഉല്‍പ്പാദനത്തില്‍ ക്രമീകരണം വരുത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത് മുതല്‍ 15-20 ശതമാനം വരെ ഇടിവാണ് കാറുകളുടെ ചില്ലറ വില്‍പ്പനയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വാഹന കമ്പനികള്‍ വ്യക്തമാക്കുന്നത്.
സാധാരണ ഗതിയില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡുള്ള ഗ്രാമീണ വിപണിയില്‍ 25 മുതല്‍ 30 ശതമാനം വരെ ഇടിവാണ് വില്‍പ്പനയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ട്രക്കുകളുടെ ചില്ലറ വില്‍പ്പന പകുതിയായി കുറഞ്ഞിട്ടുണ്ട്. മികച്ച മണ്‍സൂണ്‍ ലഭ്യതയോടെ ഈ വര്‍ഷം മികച്ച നേട്ടമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹന നിര്‍മാതാക്കള്‍ക്ക് നോട്ട് അസാധുവാക്കല്‍ കനത്ത തിരിച്ചടിയാണ് നല്‍കിയത്.
വാഹന വിപണിയിലെ എല്ലാ വിഭാഗത്തിലും ഈ മാസം കനത്ത വില്‍പ്പനയിടിവാകും രേഖപ്പെടുത്തുകയെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
നോട്ട് അസാധുവാക്കല്‍ മൊത്ത വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടില്ല. ഫെസ്റ്റിവല്‍ സീസണിലുണ്ടായ മികച്ച വില്‍പ്പന മുഴുവനാക്കുന്നതിന് ഈ മാസം ആദ്യത്തില്‍ തന്നെ കമ്പനികള്‍ തങ്ങളുടെ കൂടുതല്‍ വാഹനങ്ങളും റീട്ടെയ്ല്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
50 മുതല്‍ 80 ശതമാനം വരെ ഉപഭോക്താക്കളും പണമായി തന്നെ ഇടപാടുകള്‍ നടത്തുന്ന ഗ്രാമീണ മേഖലയിലെ ഇരുചക്ര വില്‍പ്പനയ്ക്കാണ് നോട്ട് അസാധുക്കല്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ചത്. അതേസമയം, പണമായി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ കുറവുള്ള കാര്‍ വിപണിയില്‍ ഇത് അത്ര ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാസഞ്ചര്‍ വാഹനങ്ങള്‍
സാഹചര്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ അവരവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ തിരക്കിലാണെന്നാണ് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രാഖേഷ് ശ്രീവസ്തവ അഭിപ്രായപ്പെടുന്നത്. അതേസമയം, ഷോറൂമുകളിലുള്ള അന്വേഷണങ്ങളില്‍ പുരോഗതിയുണ്ട്. അടുത്ത മാസത്തോടെ വില്‍പ്പന സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. കമ്പനികള്‍ വര്‍ഷാവസാന ഓഫറുകള്‍ നല്‍കുന്നത് പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെ തിരക്കിലായ ബാങ്കുകള്‍ വായ്പ നല്‍കാന്‍ ആരംഭിക്കുന്നത് വില്‍പ്പന തിരിച്ചുവരവിന് സഹയാകുമെന്നാണ് വിലയിരുത്തലുകള്‍.

ഇരുചക്ര വാഹനങ്ങള്‍
നഗരങ്ങളില്‍ വില്‍പ്പന തിരിച്ചുവരവിലാണെന്ന് സമ്മതിക്കുന്ന ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പക്ഷേ, ഗ്രാമീണ മേഖലയില്‍ പ്രതിസന്ധി തുടരുകയാണെന്നാണ് വ്യക്തമാക്കുന്നത്. ഈ സെഗ്‌മെന്റില്‍ 60 ശതമാനം ഉപഭോക്താക്കളും വായ്പയെടുത്താണ് പുതിയ വാഹനം വാങ്ങുന്നത്. ബാക്കിയുള്ള ശതമാനം ഉപഭോക്താക്കള്‍ പെയ്മന്റുകള്‍ നടത്തുന്ന പണമായോ ചെക്കുകളായോ ആണ്. ഇതില്‍ ഗ്രാമീണ മേഖലയില്‍ വലിയ ശതമാനം ആളുകളും പണമാണ് പെയ്മന്റുകള്‍ക്ക് ഉപയോഗിക്കുന്നത്.
രാജ്യത്ത് മൊത്തം വില്‍പ്പന നടത്തുന്ന ഇരുചക്ര വാഹനങ്ങളുടെ പകുതി ശതമാനവും ഗ്രാമീണ വിപണിയിലാണ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ചയില്‍ വില്‍പ്പന പകുതിയായി കുറഞ്ഞെന്നാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് വൈഎസ് ഗുലേറിയ ചൂണ്ടിക്കാണിക്കുന്നത്. പിന്നീടുള്ള ആഴ്ചകളില്‍ വില്‍പ്പന പുരോഗമിക്കുന്നുണ്ടെങ്കിലും ഉല്‍പ്പാദനം ക്രമീകരിക്കാന്‍ കമ്പനി ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.

വാണിജ്യ വാഹനങ്ങള്‍
നോട്ട് അസാധുവാക്കലിന് പുറമെ ചരക്ക് സേവന നികുതി, ഭാരത് സ്റ്റേജ് ആറ് (ബിഎസ്6) എന്നിവയും വാണിജ്യ വാഹന വില്‍പ്പനയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് ഈ മേഖലയിലെ കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. പണദൗര്‍ലഭ്യം ചരക്കു നീക്കത്തെ ബാധിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Auto, Slider