വനിതാ സംരംഭകര്‍ക്ക് അവസരങ്ങളൊരുക്കി ഐഐടി ഡെല്‍ഹി

വനിതാ സംരംഭകര്‍ക്ക് അവസരങ്ങളൊരുക്കി ഐഐടി ഡെല്‍ഹി

 

അലസമായ ഒരു ഞായറാഴ്ച പ്രഭാതം. ഒരു കൂട്ടം സ്ത്രീകള്‍, ഏകദേശം 45 പേര്‍ കാണും, വ്യത്യസ്തമായ ബിസനസ് ആശയങ്ങളുമായി ഡെല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ക്ലാസ്‌റൂമില്‍ ഇരുന്ന് തങ്ങളുടെ ആശയങ്ങളെ വിജയകരമായ ഒരു ബിസനസ് ആക്കിമാറ്റാന്‍ ആവശ്യമായ കുറിപ്പുകള്‍ താറാക്കുന്നു.

‘എങ്ങനെ സംരംഭരാകാം’ എന്ന വിഷയത്തില്‍ ഒരു ബിസനസ് നടത്തികൊണ്ടുപോകാന്‍ ആവശ്യമായ നിയമപരമായ വശങ്ങളെ കുറിച്ചാണ് ക്ലാസ് നടക്കുന്നത്. 18 നും 57 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, ചിലര്‍ സംരംഭകരംഗത്ത് തികച്ചും അപരിചിതര്‍, ചിലര്‍ സംരംഭക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. സഞ്ചാരപഥങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഇവര്‍ക്കെല്ലാം പൊതുവായ ഒരു ലക്ഷ്യം ഉണ്ട്. സംരംഭത്വത്തെകുറിച്ച് പരമാവധി അറിവ് നേടുക.

സംരംഭകത്വത്തിന്റെ പുതിയ തലങ്ങളിലേക്ക് വനിതകളെ എത്തിക്കാനുള്ള ദൗത്യമേറ്റെടുത്തിരിക്കുകയാണ് ഡെല്‍ഹി ഐഐടി. രാജ്യത്തെ സ്ത്രീകള്‍ക്ക് നവസംരംഭങ്ങള്‍ തുടങ്ങി മുന്നോട്ടു കൊണ്ടുപോകുവാനുള്ള പരിതസ്ഥിതി ഒരുക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് ഡല്‍ഹി ഐഐടി. നിങ്ങള്‍ ഒരു സ്ത്രീയെ മുന്നോട്ട് കൊണ്ടുവരുമ്പോള്‍ ഒരു തലമുറയെ മുഴുവനാണ് മുന്നോട്ടുകൊണ്ടുവരുന്നത്. സ്ത്രീകള്‍ നയിക്കുന്ന സ്ഥാപനങ്ങള്‍ പലതും കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാധ്യമായ വഴികളിലെല്ലാം സ്ത്രീ സംരംഭകരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സ്ത്രീകള്‍ സ്ഥാപകരായുള്ള നിരവധി സംരംഭങ്ങള്‍ രാജ്യത്ത് വളര്‍ന്നുവരണമെന്നും രാജ്യത്തിന്റെ ജിഡിപിയില്‍ ഈ വളര്‍ച്ച പ്രതിഫലിച്ചുകാണണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹം-ഡല്‍ഹി ഐഐടി ഡയറക്റ്റര്‍ വി രാംഗോപാല്‍ റാവു പറയുന്നു.

വനിതകള്‍ക്ക് സംരംഭകത്വ രംഗത്തുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ ഒന്നു മുതല്‍ പത്തുവരെയുള്ള ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. സംരംഭം തുടങ്ങാന്‍ ഒരാശയം മാത്രം കൈയ്യിലുള്ള, മേഖലയെ കുറിച്ച് കാര്യമായ അറിവുകളൊന്നുമില്ലാത്തവരാണ് ഒന്നാം ഗ്രൂപ്പില്‍. നിലവില്‍ സംരംഭകത്വരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് പത്താം ഗ്രൂപ്പില്‍.

വളരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെച്ച് പരസ്പരം സഹകരിച്ച് മുന്നേറാനുള്ള അവസരം ഒരുക്കുകയാണ് ഇത്തരം ഗ്രൂപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് വുമണ്‍ എന്‍ട്രപ്രണര്‍ഷിപ് ആന്റ് എംപവര്‍മെന്റ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ അപര്‍ണ സരോഗി പറഞ്ഞു.

സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പരിപാടികളാണ് ഐഐടി നടപ്പിലാക്കി വരുന്നത്. തങ്ങളുടെ ആശയങ്ങള്‍ ബിസനസ് ആക്കിമാറ്റാന്‍ താല്‍പര്യമുള്ള 30 സ്ത്രീകള്‍ക്കായി ഒക്‌റ്റോബര്‍ ഒന്നിന് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം ആരംഭിച്ചു. 25 ലക്ഷത്തിനും മൂന്നുകോടിക്കും ഇടയില്‍ വരുമാനമുള്ള 15 സ്ത്രീകള്‍ക്കായി ഒക്‌റ്റോബര്‍ 16 ന് ആക്‌സലറേറ്റര്‍ പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്.

സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ ഉള്ളവര്‍ക്കും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ളവര്‍ക്കുമായി നടത്തുന്ന പരീശീലന പരിപാടിയും ഒക്‌റ്റോബറില്‍ ആരംഭിച്ചു. ഇതിനായി ആയിരത്തിലധികം അപേക്ഷകളില്‍ നിന്ന് 45 പേരെ തെരഞ്ഞെടുത്തു. മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി. പരിശീലനം സൗജന്യമാണ്. ഈ പരിശീലനം ബിസനസ് ആശയങ്ങള്‍ രൂപീകരിക്കാനും ഉപഭോക്താക്കളുമായി ബന്ധംവളര്‍ത്തികൊണ്ടുവരാനും ഫണ്ടിംഗ് സ്ഥാപനങ്ങളെ ആകര്‍ഷിക്കാനും സഹായിക്കും. ഡിസബറില്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി റോഡ് ഷോ നടത്തും. അടുത്ത ബാച്ചിന്റെ പരിശീലനം 2017 ജനുവരിയില്‍ ആരംഭിക്കും.
ഇന്ത്യന്‍ സംരംഭകമേഖലയിലേക്ക് സ്ത്രീകള്‍ക്കുള്ള വഴി തുറക്കുകയാണ് ഡല്‍ഹി ഐഐടി.

Comments

comments

Categories: Women