പണ പ്രതിസന്ധിയില്‍ ഉഴലുന്ന കോര്‍പ്പറേറ്റുകള്‍

പണ പ്രതിസന്ധിയില്‍  ഉഴലുന്ന കോര്‍പ്പറേറ്റുകള്‍

നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. പൊടുന്നനെയുള്ള ഈ തീരുമാനം രാജ്യത്താകമാനമുള്ള സാധാരണ ജനങ്ങളെ വല്ലാതെ ബാധിച്ചു. ദൈനംദിന ജീവിതത്തില്‍ കടുത്ത ബുദ്ധിമുട്ടുകളുണ്ടായി. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കും ഇത് ഇരുട്ടടിയായി. ലാഭത്തിന്റെ ട്രാക്കിലേക്ക് കുതിക്കാമെന്ന് കരുതിയിരിക്കവെയാണ് നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ പല കമ്പനികളുടെയും പ്രതീക്ഷകള്‍ പൊലിഞ്ഞത്.

ബ്ലൂംബര്‍ഗിന്റെ പഠനമനുസരിച്ച് നവംബര്‍ എട്ടിന് ശേഷം സെന്‍സെക്‌സ് കമ്പനികളുടെ ഈ സാമ്പത്തിക വര്‍ഷത്തെ നേട്ടത്തില്‍ 2.9 ശതമാനം താഴ്ച്ചയാണ് പ്രതീക്ഷിക്കുന്നത്. പല കമ്പനികളുടെയും അവസ്ഥ പരിതാപകരമാകാമെന്നും വിലയിരുത്തലുകളുണ്ട്. നേട്ടത്തിന്റെ പാതയിലേക്കുള്ള തിരിച്ചുവരവ് ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രയാസമേറിയതാകാമെന്നും സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.
2017 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍സെക്‌സ് കമ്പനികളുടെ പ്രതീക്ഷിക്കുന്ന പ്രതിഓഹരി നേട്ടം (ഇപിഎസ്-ഏണിംഗ്‌സ് പെര്‍ ഷെയര്‍) 1,460.66 ആയി കഴിഞ്ഞയാഴ്ച്ച കുറഞ്ഞിരുന്നു. മണ്‍സൂണ്‍ പ്രതീക്ഷയിലും മറ്റും കഴിഞ്ഞ മെയില്‍ 1,659.21 ആയിരുന്നു ഇതെന്ന് ബ്ലൂംബര്‍ഗിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡ്യൂഷെ ബാങ്കിന്റെ വിലയിരുത്തല്‍ പ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിക്കുന്ന ഇപിഎസ് വളര്‍ച്ച 10.7 ശതമാനമാണ്. കഴിഞ്ഞ മാസം ഇവര്‍ ഇത് കണക്കാക്കിയിരുന്നത് 14.5 ശതമാനമായിരുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം വേണ്ടത്ര നോട്ടുകളെത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് സാധിക്കാത്തതാണ് പണ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇത് ജനങ്ങളുടെ ചെലവിടലില്‍ വലിയ കുറവുണ്ടാക്കി.
മൂന്നാഴ്ചകൊണ്ട് ഏകദേശം 14.18 ലക്ഷം കോടി രൂപ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ തിരികെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്കായി ഇതിന്റെ പത്ത് ശതമാനം മാത്രമാണ് എത്തിച്ചിരിക്കുന്നത്. ഏകദേശം 1.5 ലക്ഷം കോടി രൂപയാണ് ഇതുവരെ കേന്ദ്ര സര്‍ക്കാരിന് എത്തിക്കാന്‍ സാധിച്ചിരിക്കുന്നതെന്നാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ക്രെഡിറ്റ് സ്യൂസെ റിപ്പോര്‍ട്ട് പറയുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യയിലെ ബിസിനസിനെ ഇത് കാര്യമായി അത് ബാധിച്ചു. മികച്ച മണ്‍സൂണും ഏഴാമത് ശമ്പള കമ്മീഷന്‍ പരിഷ്‌കരണങ്ങളും ഉപഭോക്താക്കളുടെ ചെലവിടല്‍ കൂട്ടുമെന്ന നല്ല പ്രതീക്ഷയുമായി കമ്പനികള്‍ ഇരിക്കുമ്പോഴായിരുന്നു ഈ ഇരുട്ടടി. എഫ്എംസിജി കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയെ പ്രതിസന്ധി കാര്യമായി തന്നെ ബാധിച്ചു. പണ പ്രതിസന്ധി ഫിനാന്‍സ് ഇതര കമ്പനികളുടെ നേട്ടത്തില്‍ 20 ശതമാനം വരെ ഇടിവുണ്ടാക്കാമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.

Comments

comments

Categories: Editorial