സിപ്ല വെറ്ററിനറി ബിസിനസ് വില്‍ക്കാനൊരുങ്ങുന്നു

സിപ്ല വെറ്ററിനറി ബിസിനസ് വില്‍ക്കാനൊരുങ്ങുന്നു

 

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മരുന്നു നിര്‍മാണ കമ്പനിയായ സിപ്ല, തങ്ങളുടെ മൃഗ ആരോഗ്യപരിപാലന വിഭാഗമായ സിപ്ല വെറ്റ് വില്‍ക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചതായും കമ്പനി അറിയിച്ചു. ബിസിനസ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സിപ്ലയുടെ ഈ നീക്കം. വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സിപ്ല വെറ്റ് വില്‍ക്കുന്നതിന് സഹായിക്കാനും താല്‍പ്പര്യമുള്ള കക്ഷികളെ കണ്ടെത്തുന്നതിനുമായി ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ റോത്ത്‌സ്‌ചൈല്‍ഡിനെ കമ്പനി നിയമിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീക്വന്റ് സൈന്റിഫിക് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ കമ്പനികള്‍ സിപ്ല വെറ്റ് വാങ്ങുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ച് ടെന്‍ഡര്‍ സമര്‍പ്പിച്ചതായാണ് വിവരം. നൂറിലധികം രാജ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ വെറ്ററിനറി ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ടര്‍ കമ്പനിയാണ് സിപ്ല വെറ്റ്. 2015-16 വര്‍ഷത്തില്‍ സിപ്ലയുടെ മൊത്തം വില്‍പ്പനയുടെ രണ്ടോ മൂന്നോ ശതമാനത്തോളം ലഭിച്ചത് വെറ്ററിനറി ബിസിനസ് വിഭാഗത്തില്‍ നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13,678 കോടി രൂപയുടെ മൊത്തം വില്‍പ്പനയാണ് സിപ്ലയില്‍ നടന്നിട്ടുള്ളത്.
മൊത്തം ബിസിനസ് പദ്ധതികളില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് സിപ്ല വെറ്ററിനറി ബിസിനസ് വിഭാഗം വില്‍ക്കാനൊരുങ്ങുന്നതെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം. ഇതിന്റെ ഭാഗമായി കുറഞ്ഞ ലാഭം ലഭിക്കുന്ന അനുബന്ധ ബിസിനസുകളില്‍ നിന്നും പുറത്തുകടക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നു.

Comments

comments

Categories: Branding