ഇന്ത്യയില്‍ ചൈന സ്മാര്‍ട്ട്

ഇന്ത്യയില്‍ ചൈന  സ്മാര്‍ട്ട്

കൊല്‍ക്കത്ത: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ മുന്നേറ്റം. ലെനോവ, ഒപ്പോ, ഷിയോമി എന്നീ മൂന്നു പ്രമുഖ ചൈനീസ് ബ്രാന്‍ഡുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ വില്‍പ്പന വളര്‍ച്ച ഉറപ്പിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ലെനോവ ഇന്ത്യ്ക്ക് ലെനോവ, മോട്ടോറോള എന്നിങ്ങനെ രണ്ടു ബ്രാന്‍ഡുകളാണ് സ്വന്തമായുള്ളത്. 2015-16 കാലയളവില്‍ ഇവ ഇരട്ടി വരുമാനം നേടിയെടുത്തു. ഒപ്പോ 1,000 കോടി രൂപയുടെ വില്‍പ്പന എക്കൗണ്ടിലെഴുതി. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളിലാണ് ഒപ്പോയുടെ ഈ നേട്ടമെന്നതും ശ്രദ്ധേയകാര്യം. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഷിയോമിയും രണ്ട് മില്ല്യണിലധികം യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിക്കഴിഞ്ഞു. ഒക്‌റ്റോബറില്‍ മാത്രം കമ്പനി ഒരു മില്ല്യണിലധികം ഫോണുകള്‍ വിറ്റിരുന്നു.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ 10,484 കോടി രൂപ തൊട്ടു ലെനോവ ഇന്ത്യയുടെ വിറ്റുവരവ്. തൊട്ടുമുന്‍പത്തെ വര്‍ഷമിത് 5,602.84 കോടി രൂപയും. ഓഫ്‌ലൈന്‍ ചാനലില്‍ ലെനോവ ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപുലീകരിച്ചതും ഓണ്‍ലൈന്‍ വഴി മോട്ടോറോള ബ്രാന്‍ഡിന്റെ വില്‍പ്പന ഫലപ്രദമായതും കമ്പനിക്ക് ഗുണം ചെയ്തു.
ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയുടെ ഇന്ത്യയിലെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 934 കോടി രൂപയായി വളര്‍ന്നു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 211.5 കോടി രൂപയുടെ വിറ്റുവരവാണ് ഒപ്പോയ്ക്ക് കൈവന്നത്.
ഷിയോമിയും ഓഫ്‌ലൈന്‍ വിപണി വിപുലീകരിച്ചിട്ടുണ്ട്. കൂടാതെ പുതിയ ഓണ്‍ലൈന്‍ പങ്കാളിയെ കൂടെക്കൂട്ടി ആവശ്യകതയ്ക്കനുസരിച്ച് നിര്‍മാണ ശേഷിയും അവര്‍ ഉയര്‍ത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ വിഹിതം 18 ശതമാനത്തില്‍ നിന്ന് 32 ശതമാനത്തിലേക്ക് വര്‍ധിച്ചെന്ന് ഹോങ്കോംഗ് ആസ്ഥാനമാക്കിയ വിപണി നിരീക്ഷകരായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കുന്നു. ഷിയോമി, ഒപ്പോ, വിവോ, ലെനോവ എന്നീ ബ്രാന്‍ഡുകളാണ് മുന്‍നിരയില്‍ നില്‍ക്കുന്നത്. അതേസമയം, ഇന്ത്യന്‍ ബ്രാന്‍ഡായ മൈക്രോമാക്‌സ് ഈ കാലയളവില്‍ പിന്നോട്ടടിക്കപ്പെട്ടു. 2015-16 ല്‍ മൈക്രോമാക്‌സിന്റെ വാര്‍ഷിക വരുമാനത്തില്‍ ആദ്യമായി ഇടിവ് രേഖപ്പെടുത്തി. വില്‍പ്പന 6 ശതമാനം കുറഞ്ഞ് 9, 825.46 കോടി രൂപയിലേക്കു വീണു. 2014-15 ധനകാര്യ വര്‍ഷത്തിലെ 47 ശതമാനം വളര്‍ച്ചയെന്ന നിലയില്‍ നിന്നാണ് മൈക്രോമാക്‌സിന്റെ തിരിച്ചിറക്കം.

Comments

comments

Categories: Business & Economy