കള്ളപ്പണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റിയല്‍ എസ്റ്റേറ്റിലുമെന്ന് കേന്ദ്രം

കള്ളപ്പണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റിയല്‍ എസ്റ്റേറ്റിലുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് റിയല്‍ എസ്റ്റേറ്റ് മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 32,000 കോടിയുടെ കള്ളപ്പണമാണ് കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗവും ഈ രണ്ട് മേഖലകളില്‍ നിന്നായിരുന്നു.

കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വര്‍ ലോകസഭയില്‍ നല്‍കിയ എഴുതിത്തയാറാക്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ രണ്ട് മേഖലകള്‍ക്ക് പുറമെ ഫിനാന്‍സ്, ട്രേഡിംഗ്, മാനുഫാക്ചറിംഗ് എന്നീ മേഖലകളിലും കള്ളപ്പണമൊഴുകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2015-16 കാലയളവില്‍ ഏകദേശം 445 പരിശോധനകളാണ് കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തിയത്. ഇതിലൂടെ 11,066 കോടി രൂപയുടെ വെളിപ്പെടുത്താത്ത സമ്പാദ്യം കണ്ടെത്തുകയും 761.70 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തു. 2013-14 വര്‍ഷം നടത്തിയ 569 പരിശോധനയില്‍ 10,791.63 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തുകയും 807.84 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
മൂന്ന് സാമ്പത്തിക വര്‍ഷത്തെ പരിശോധനകള്‍ വിശകലനം ചെയ്ത നികുതി വകുപ്പ് വ്യക്തമാക്കുന്നതനുസരിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരിലാണ് കള്ളപ്പണം കൂടുതലായും കാണപ്പെടുന്നതെന്നും ഗാങ്‌വാര്‍ അറിയിച്ചു.
20,000 രൂപയ്ക്ക് മുകളിലുള്ള തുക മുന്‍കൂറായി നല്‍കുന്നത് തടയുക, ബിനാമി നിയമം, രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക തുടങ്ങിയവയടക്കം കള്ളപ്പണം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി ഫലവത്തായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് 109 കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 138ഉം 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 104ഉം 2013-14 വര്‍ഷം 75ഉം ആയിരുന്നു.

Comments

comments

Categories: Slider, Top Stories