സ്പാനിഷ് ലീഗ്: ബാഴ്‌സലോണയ്ക്ക് സമനിലക്കുരുക്ക്

സ്പാനിഷ് ലീഗ്:  ബാഴ്‌സലോണയ്ക്ക് സമനിലക്കുരുക്ക്

 

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ ബാഴ്‌സലോണയെ റയല്‍ സോസിദാദ് സമനിലയില്‍ തളച്ചു. റയല്‍ സോസിദാദിന്റെ തട്ടകമായ അനോട്ട സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളുടെ സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തിന്റെ അന്‍പത്തിമൂന്നാം മിനുറ്റില്‍ ഡസില്‍വയിലൂടെ റയല്‍ സോസിദാദാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആറ് മിനുറ്റുകള്‍ക്ക് ശേഷം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണയ്ക്ക് സമനില സമ്മാനിച്ചു. 2007ന് ശേഷം ബാഴ്‌സലോണയ്ക്ക് റയല്‍ സോസിദാദിന്റെ ഹോം ഗ്രൗണ്ടില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല.

ലാ ലിഗയിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് ഒസാസുനയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ ജയം നേടി. എവേ മത്സരത്തിന്റെ 36-ാം മിനുറ്റില്‍ ഉറുഗ്വായ് താരം ഡീഗോ ഗോഡിനാണ് അത്‌ലറ്റിക്കോ മാഡ്രിഡിനായി ആദ്യ ഗോള്‍ നേടിയത്. തൊട്ടടുത്ത മിനുറ്റില്‍ ഫ്രാന്‍സിന്റെ കെവിന്‍ ഗമെമയ്‌റോയും ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ അവസാന മിനുറ്റില്‍ ബെല്‍ജിയന്‍ താരം യാനിക് കരാസ്‌കോയിലൂടെയായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മൂന്നാം ഗോള്‍. സ്പാനിഷ് ലീഗിലെ മറ്റ് മത്സരങ്ങളില്‍ അലാവ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിയ്യാ റയലിനെയും ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സെല്‍റ്റ വിഗോ ഗ്രാനഡയെയും പരപാജയപ്പെടുത്തി.

റയല്‍ സോസിദാദിനെതിരെ സമനില വഴങ്ങിയതിനാല്‍, ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള ബാഴ്‌സലോണയുടെ പോയിന്റ് വ്യത്യാസം ആറായി ഉയര്‍ന്നു. പതിമൂന്ന് മത്സരങ്ങളില്‍ നിന്നും റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകള്‍ക്ക് യഥാക്രമം 33, 27 പോയിന്റ് വീതമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള സെവിയ്യയ്ക്കും 27 പോയിന്റാണുള്ളത്.

അതേസമയം, ഒസാസുനയ്‌ക്കെതിരായ ജയത്തോടെ 24 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്തേക്കുയര്‍ന്നു. റയല്‍ സോസിദാദ് ലാ ലിഗ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്.

Comments

comments

Categories: Sports