കിഴക്കന്‍ അലെപ്പോയില്‍ വിമതര്‍ക്ക് തിരിച്ചടി

കിഴക്കന്‍ അലെപ്പോയില്‍ വിമതര്‍ക്ക് തിരിച്ചടി

ഡമാസ്‌കസ്: വിമതരുടെ സ്വാധീന മേഖലയായ സിറിയയിലെ കിഴക്കന്‍ അലപ്പോയിലെ പ്രധാന ജില്ലകളിലൊന്നായ ഹനാനോ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം പിടിച്ചെടുത്തു. ഹനാനോ കീഴടക്കിയതായി സൈന്യം വ്യക്തമാക്കി.

സൈന്യത്തിന്റെ വ്യോമാക്രമണവും ചികിത്സാ സൗകര്യങ്ങളുടെ അഭാവവുമാണു വിമതര്‍ക്ക് തിരിച്ചടിയായത്. കര വ്യോമ മേഖലകളില്‍ ആക്രമണം കടുപ്പിച്ചാണു കിഴക്കന്‍ മേഖലയില്‍ സൈന്യം മുന്നേറുന്നത്.
ആക്രമണം കൊടുമ്പിരിക്കൊള്ളുമ്പോഴും അന്താരാഷ്ട്രതലത്തില്‍ തുടരുന്ന നിശബ്ദത അത്ഭുതപ്പെടുത്തുന്നതായി മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.
ഹനാനോയില്‍ താമസിക്കുന്ന പ്രദേശവാസികളെ മാസങ്ങള്‍ക്കു മുമ്പുതന്നെ കുടിയൊഴിപ്പിച്ചിരുന്നു. സിറിയയുടെ വാണിജ്യകേന്ദ്രമായിരുന്ന അലപ്പോ ആഭ്യന്തരയുദ്ധത്തിനു ശേഷമാണ് കിഴക്ക്, വടക്ക് എന്നിങ്ങനെയായി വിഭജിക്കപ്പെട്ടത്.
യുദ്ധം രൂക്ഷമായതോടെ രണ്ടര ലക്ഷത്തിലേറെ ജനങ്ങള്‍ ഇവിടെ ഉപരോധത്തില്‍ കഴിയുന്നുണ്ടെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. അഞ്ചര വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ അലപ്പോ തിരിച്ചു പിടിക്കുക അസദിന്റെ അഭിമാനപ്രശ്‌നമായിട്ടാണ് കണക്കാക്കുന്നത്. ദിവസങ്ങള്‍ നീണ്ട വെടിനിര്‍ത്തലിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മേഖലയില്‍ സൈന്യം ആക്രമണം പുനരാരംഭിക്കുകയായിരുന്നു. കിഴക്കന്‍ മേഖലയില്‍ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 212 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.

Comments

comments

Categories: World