വിപുലീകരണത്തിന് എയര്‍ ഇന്ത്യ

വിപുലീകരണത്തിന്  എയര്‍ ഇന്ത്യ

 

ന്യൂഡെല്‍ഹി: വലിയ വിപുലീകരണ പദ്ധതികളുമായി എയര്‍ ഇന്ത്യ രംഗത്ത്. ഡിസംബര്‍ ഒന്നിന് മാഡ്രിഡിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങുന്ന കമ്പനി, അടുത്ത വര്‍ഷം പുതുതായി ആറ് സര്‍വീസുകള്‍ക്ക് കൂടി ആരംഭം കുറിക്കാന്‍ നീക്കമിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം നേടിയ എയര്‍ ഇന്ത്യ മികച്ച തിരിച്ചുവരവിനൊരുങ്ങുകയാണ്.
ഡിസംബര്‍ ഒന്നിന് മാഡ്രിഡിലേക്കുള്ള സര്‍വീസ് ആരംഭിക്കും. പുതിയ ആറ് സര്‍വീസുകള്‍ക്ക് 2017ല്‍ തുടക്കമിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിക്ക് വലിയ വികസന പദ്ധതികളാണുള്ളത്-എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി ട്വീറ്റ് ചെയ്തു. 2017ല്‍ നിലവിലെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമോ അതോ പുതിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കാണ്‍പൂരിനെയും ഭട്ടിന്‍ഡയെയും ഡെല്‍ഹിയുമായി ബന്ധിപ്പിക്കുന്ന സര്‍വീസിന് അടുത്ത മാസം തുടക്കം കുറിക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഡെല്‍ഹി-വിയന്ന സര്‍വീസ് കൂടാതെ അഹമ്മദാബാദ്-ലണ്ടന്‍-ന്യൂയോര്‍ക്ക് സേവനവും വര്‍ഷാദ്യം എയര്‍ ഇന്ത്യ ആരംഭിച്ചിരുന്നു. അടുത്ത ഏപ്രില്‍-മെയ് മാസത്തോടെ വാഷിംഗ്ടണിലേക്കോ ടൊറോന്റോയിലേക്കോ വിമാന സര്‍വീസ് ആരംഭിക്കും. കോപ്പെന്‍ഹേഗന്‍, ആഫ്രിക്കയിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സേവനവും കമ്പനി പരിഗണിക്കുന്നു. മികച്ച ഇന്ധന ശേഷിയുള്ള എ320 നിയോ വിമാനങ്ങള്‍ ഉപയോഗിച്ച് സേവനം വിപുലീകരിക്കാനും ആലോചനയുണ്ട്.
70 എയര്‍ബസുകളടക്കം 135 വിമാനങ്ങള്‍ ഉള്ള എയര്‍ ഇന്ത്യ ഒരു ദശകത്തിനിടെ ആദ്യമായിട്ടാണ് കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തന ലാഭം നേടിയെടുത്തത്.

Comments

comments

Categories: Branding