‘വിയറ്റ്‌നാമിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ റോഡ് ഷോ’

‘വിയറ്റ്‌നാമിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ റോഡ് ഷോ’

കൊച്ചി: വിയറ്റ്‌നാമിലേക്ക് കേരളത്തില്‍ നിന്നുമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്ത് റോഡ് ഷോ സംഘിപ്പിക്കുമെന്ന് ഇന്ത്യയിലേക്കുള്ള വിയറ്റ്‌നാം സ്ഥാനപതി ടോണ്‍ സിന്‍ഥാന്‍ അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് വിസാ പ്രോസസ്സിംഗ് സെന്റര്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി (കെസിസിഐ) ചേര്‍ന്ന് വിയറ്റ്‌നാം എംബസി രാജ്യത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസിസിഐയുടെ സഹകരണത്തോടെ അടുത്ത വര്‍ഷം കൊച്ചിയിലായിരിക്കും റോഡ് ഷോ സംഘടിപ്പിക്കുകയെന്നും വിയറ്റ്‌നാം സ്ഥാനപതി പറഞ്ഞു.

‘ഇന്ത്യയില്‍ നിലവില്‍ ഡല്‍ഹിയിലും മുംബൈയിലുമാണ് വിയറ്റ്‌നാം വിസാ പ്രോസസ്സിംഗ് സെന്ററുകളുള്ളത്. രാജ്യത്ത് കൂടുതല്‍ വിസാ പ്രോസസ്സിംഗ് സെന്ററുകള്‍ തുറക്കാന്‍ വിയറ്റ്‌നാം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതിലൊന്ന് കൊച്ചിയിലായിരിക്കും,’ ടോണ്‍ സിന്‍ഥാന്‍ പറഞ്ഞു.

വിയറ്റ്‌നാമില്‍ നിക്ഷേപം നടത്താന്‍ കേരളത്തിലെ വ്യവസായികളെ ക്ഷണിച്ച സ്ഥാനപതി വിദേശ നിക്ഷേപത്തിന് അനുയോജ്യമായ കാലാവസ്ഥയാണ് രാജ്യത്തുള്ളതെന്നും പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സീഫുഡ് വ്യവസായ രംഗത്ത് കേരളവും വിയറ്റ്‌നാമും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. 300 മുതല്‍ 400 കോടി യുഎസ് ഡോളര്‍ മൂല്യം വരുന്ന വിയറ്റ്‌നാമിലെ സീഫുഡ് ഇറക്കുമതിയില്‍ 100 കോടിയിലധികം വരുന്നത് കേരളത്തില്‍ നിന്നാണെന്നും ടോണ്‍ സിന്‍ഥാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുമൊരു ബിസിനസ് പ്രതിനിധി സംഘത്തെ രാജ്യത്തേക്ക് അയക്കുന്നതിന് കെസിസിഐ മുന്‍കൈയടുക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

വിയറ്റ്‌നാം എംബസിയിലെ കമേഴ്‌സ്യല്‍ ഓഫീസ് ഫസ്റ്റ് സെക്രട്ടറി ബുയി ത്രുങ് ഥോങ്, കെസിസിഐ ചെയര്‍മാന്‍ രാജാ സേതുനാഥ്, വൈസ് ചെയര്‍മാന്‍ ആന്റണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Comments

comments

Categories: Branding

Related Articles