യുഎസ് ബ്ലാക്ക് ഫ്രൈഡെ: ഓണ്‍ലൈന്‍ വില്‍പ്പന തകൃതി, മുന്നില്‍ മൊബീലുകള്‍

യുഎസ് ബ്ലാക്ക് ഫ്രൈഡെ:  ഓണ്‍ലൈന്‍ വില്‍പ്പന തകൃതി, മുന്നില്‍ മൊബീലുകള്‍

 
ന്യുയോര്‍ക്ക്: അമേരിക്കയിലെ ബ്ലാക്ക് ഫ്രൈഡെ ദിനത്തില്‍ നടന്ന ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ കൂടുതല്‍ വിറ്റുപോയത് മൊബീല്‍ ഉപകരണങ്ങള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. ആകെ മൂന്നു ബില്യണിലധികം ഡോളറിന്റെ വില്‍പ്പന ബ്ലാക്ക് ഫ്രൈഡൈ ദിനത്തില്‍ നടന്നതായാണ് അഡോബ് ഡിജിറ്റല്‍ ഇന്‍സൈറ്റ്‌സ് കണക്ക്. കഴിഞ്ഞ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡെ വില്‍പ്പനയേക്കാള്‍ 11.4 ശതമാനം കൂടുതലാണിത്. താങ്ക്‌സ്ഗിവിംഗ്‌ഡേയിലും ബ്ലാക്ക് ഫ്രൈഡെ ദിനത്തിലും നടന്ന ഇ-കൊമേഴ്‌സ് വില്‍പ്പനയില്‍ മൊബീല്‍ഫോണുകള്‍ പ്രധാന പങ്കുവഹിച്ചതായി ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആന്‍ഡ്രോയിഡ് ഒഎസുകളേക്കാള്‍ ഐഒസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഉപകരണങ്ങളാണ് വിപണിയില്‍ ആധിപത്യം പുലര്‍ത്തിയത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളുടെ ശരാശരി ഓഡര്‍ മൂല്യം 136 ഡോളറാണ്. എന്നാല്‍ 144 ഡോളര്‍ മൂല്യമാണ് ഐഒഎസ് ഉപകരണങ്ങള്‍ നേടിയത്. ആപ്പിള്‍ ഐപാഡ്, സാംസംഗ് 4 K ടിവികള്‍, ആപ്പിള്‍ മാക്ബുക്ക് എയര്‍, എല്‍ജി ടിവികള്‍, നൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും മികച്ച രീതിയില്‍ വിറ്റുപോയി.

ആമസോണ്‍, വാള്‍മാര്‍ട്ട്, ടാര്‍ഗറ്റ്, ഇബേ തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരുടെ വില്‍പ്പനയില്‍, പ്രത്യേകിച്ച് മൊബീല്‍ ഇടപാടുകളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. താങ്ക്‌സ്ഗിവിംഗ് ദിനത്തില്‍ വാള്‍മാര്‍ട്ടിന്റെ മൊബീല്‍ ഷോപ്പിംഗില്‍ 70 ശതമാനത്തിലധികവും ടാര്‍ഗറ്റിന്റെ വില്‍പ്പനയില്‍ 60 ശതമാനത്തിലധികവും തിരക്കുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ കുറവനുഭവപ്പെട്ടിരുന്നെങ്കിലും ഉപഭോക്താക്കള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രവണതയിലേക്ക് തിരിച്ച് വന്നതായി അഡോബ് ഡയറക്റ്ററും പ്രിന്‍സിപ്പല്‍ അനലിസ്റ്റുമായ ടാമര ഗഫ്‌നെ പറഞ്ഞു.

അമേരിക്കയിലും കാനഡയിലും മുന്‍വര്‍ഷം ലഭിച്ച വിളവിന് നന്ദി പറയുന്ന ദിനമാണ് താങ്ക്‌സ്ഗിവിംഗ് ഡേ. നവംബര്‍മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച്ചയാണ് അമേരിക്കയില്‍ താങ്ക്‌സ്ഗിവിംഗ് ഡേ ആഘോഷിക്കുന്നത്. താങ്ക്‌സ് ദിനം കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ച്ചയ്ക്കാണ് ബ്ലാക്ക് ഫ്രൈഡെ എന്നു പറയുന്നത്.

Comments

comments

Categories: Business & Economy