ലോജിസ്റ്റിക് രംഗത്തെ പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തണം: അസോചം

ലോജിസ്റ്റിക് രംഗത്തെ പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തണം: അസോചം

ന്യൂഡെല്‍ഹി: ലോജിസ്റ്റിക് മേഖലയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അസോചം ആവശ്യപ്പെട്ടു. ട്രക്ക് ഡ്രൈവര്‍മാര്‍, ശുചീകരണ പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ എന്നിവരടക്കമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനും മറ്റുമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനാണ് അസോചം ഇത്തരമൊരാവശ്യം മുന്നോട്ടുവച്ചത്.

വിവിധ സ്രോതസുകളില്‍ നിന്ന് ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ് രംഗത്തെ ഒരു ട്രിപ്പ് ഏഴും എട്ടും ദിവസം നീളുമ്പോള്‍ ആകെയുള്ള ചെലവിന്റെ പത്ത് ശതമാനത്തിനടുത്ത് ട്രക്ക് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും നല്‍കേണ്ടിവരുന്നെന്ന് അസോചം ചൂണ്ടിക്കാട്ടി. ഡ്രൈവര്‍മാരുടെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും പണ രൂപത്തിലാണ് നടത്തുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം മൂലം സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ പണം കണ്ടെത്താനാകാതെ വാഹന ഉടമകള്‍ വിഷമിക്കുകയാണ്-അസോചം പറഞ്ഞു.
ഒരു യാത്രയുടെ ആകെ ചെലവില്‍ 52 മുതല്‍ 66 ശതമാനം വരെ ഇന്ധനത്തിന്റെ വകയില്‍ വിനിയോഗിക്കുന്നു. അവശേഷിക്കുന്ന 25 മുതല്‍ 40 ശതമാനം ചെലവുകള്‍ ടോള്‍ പിരിവ് കേന്ദ്രങ്ങള്‍, ചെക്ക്‌പോസ്റ്റുകള്‍, മറ്റ് വിനിമ സംവിധാനങ്ങള്‍ എന്നിവയ്ക്കായി മാറ്റിവയ്ക്കുന്നു. കാലങ്ങളായി ഈ തുകയെല്ലാം പണ രൂപത്തിലാണ് കൈമാറുന്നത്. അതിനാല്‍ത്തന്നെ വാണിജ്യ രംഗത്ത് നോട്ട് അസാധുവാക്കല്‍ ഒരു ഊരാക്കുടുക്കായി മാറിയിരിക്കുന്നു-അസോചം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നിലവിലെ പണം പിന്‍വലിക്കല്‍ പരിധിയായ 50,000 രൂപയില്‍ നിന്ന് ഒരാഴ്ച കുറഞ്ഞത് അഞ്ച് ലക്ഷം രൂപ വരെ പിന്‍വലിക്കാവുന്ന സംവിധാനമേര്‍പ്പെടുത്തണം.
ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള വേഗത്തിലെ ചരക്കു നീക്കം റോഡ് ഗതാഗതത്തിന്റെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തും. നിലവില്‍ 117 അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളും 268 ടോള്‍ ബൂത്തുകളുമാണ് ദേശീയ പാതകളിലുള്ളത്. അന്തര്‍ സംസ്ഥാന വാണിജ്യ ഗതാഗതം തടസം കൂടാതെ നടത്തണമെന്നും സുരക്ഷിതവും മുദ്രവെച്ചതുമായ കണ്ടെയ്‌നര്‍ കാര്‍ഗോകളുടെ സുഗമ സഞ്ചാരം സാധ്യമാക്കണമെന്നും അസോചം നിര്‍ദേശിച്ചിട്ടുണ്ട്. കള്ളപ്പണം തടയുക ലക്ഷ്യമിട്ടുള്ള നോട്ട് അസാധുവാക്കലിനെ കോര്‍പ്പറേറ്റ് സമൂഹം പിന്തുണച്ചിരുന്നു. അതിനിടെയാണ് പുതിയ ശുപാര്‍ശയുമായി അസോചം രംഗത്തെത്തിയിരിക്കുന്നത്.

Comments

comments

Categories: Branding