മുഷ്ടി ചുരുട്ടാന്‍ ട്രംപ്

മുഷ്ടി ചുരുട്ടാന്‍ ട്രംപ്

 

അമേരിക്കയുടെ പരമ്പരാഗത ശത്രുക്കളോട് അത്ര അനുഭാവപൂര്‍ണമായിരിക്കില്ല തന്റെ സമീപനമെന്ന് വ്യക്തമാക്കുകയാണ് പ്രസിഡന്റായി സ്ഥാനമേല്‍ക്കാനിരിക്കുന്ന ബിസിനസുകാരന്‍ ഡൊണാള്‍ഡ് ട്രംപ്. ഡൊണാള്‍ഡ് ട്രംപ് എന്തെല്ലാം ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്ന് പറഞ്ഞാലും കാസ്‌ട്രോയെക്കുറിച്ച് നിഷ്പക്ഷമായി നിലപാടറിയിക്കാന്‍ ധൈര്യം കാണിച്ചുവെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല അത് ട്രംപിന്റെ വിദേശനയം എന്തായിരിക്കുമെന്ന് കൂടി വ്യക്തമാക്കുന്നു.

അന്തരിച്ച ഫിദല്‍ കാസ്‌ട്രോ ക്യൂബയുടെ ക്രൂരനായ ഏകാധിപതി ആയിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ക്യൂബയിലെ ജനങ്ങളെ ആറ് പതിറ്റാണ്ടിലധികം കാലം അടിച്ചമര്‍ത്തി മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ചായിരുന്നു കാസ്‌ട്രോ ഭരിച്ചിരുന്നതെന്നും ട്രംപ് ആരോപിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ എന്നതിനേക്കാളുപരി ട്രംപ് പറയുന്നതില്‍ കുറേ കാര്യമുണ്ട്. സര്‍ക്കാരിനെതിരെയുള്ള അഭിപ്രായങ്ങള്‍ക്കോ നിലപാടുകള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യത്തിനോ അര്‍ഹതയില്ലാത്ത ഒരു രാജ്യം കെട്ടിപ്പടുത്തയാളെ മഹാനെന്ന് മാത്രം മുദ്ര കുത്തുന്നത് എത്രത്തോളം നീതിപൂര്‍വമായ കാര്യമാണെന്ന് ചിന്തിക്കേണ്ടതുണ്ട്.
ഫിദല്‍ കാസ്‌ട്രോയുടെ ഭരണം കൊള്ളയും ദാരിദ്ര്യവും നിറഞ്ഞതാണെന്ന ട്രംപിന്റെ വിലയിരുത്തല്‍ സ്ഥാനമൊഴിയാന്‍ ഒരുങ്ങുന്ന പ്രസിഡന്റ് ബരാക് ഒബാമയുടെ നയത്തില്‍ നിന്നുള്ള വ്യക്തമായ വ്യതിചലനമാണ്. കാസ്‌ട്രോ ലോകത്തുണ്ടാക്കിയ സ്വാധീനം ചരിത്രം അടയാളപ്പെടുത്തുമെന്ന് പറഞ്ഞാണ് ഒബാമ കാസ്‌ട്രോയുടെ അനുശോചനക്കുറിപ്പ് ഇറക്കിയത്. ഇതില്‍ നിന്നും തീര്‍ത്തും വൈരുദ്ധ്യം നിറഞ്ഞതാണ് ട്രംപിന്റെ പ്രസ്താവന. ഇതോടെ കമ്യൂണിസ്റ്റ് ക്യൂബയുമായി ട്രംപ് നല്ല രീതിയിലല്ല പോകുകയെന്ന് ഉറപ്പായിരിക്കുകയാണ്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു 90കാരനായ ക്യൂബന്‍ വിപ്ലവ നേതാവ് കാസ്‌ട്രോയുടെ അന്ത്യം.
ദീര്‍ഘകാലത്തെ ശത്രുതയ്ക്ക് ശേഷം 2015 ജൂലൈയിലാണ് അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെട്ടു തുടങ്ങിയത്. കാല്‍വിന്‍ കൂളിഡ്ജിനു ശേഷം ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ ക്യൂബ സന്ദര്‍ശനത്തിന് ഒബാമ തയാറായി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഒബാമയുടെ ചരിത്രപരമായ ക്യൂബ സന്ദര്‍ശനം.

Comments

comments

Categories: Editorial