വോട്ട് റീ കൗണ്ട് ചെയ്യാനുള്ള നീക്കത്തെ വിമര്‍ശിച്ച് ട്രംപ്

വോട്ട് റീ കൗണ്ട് ചെയ്യാനുള്ള നീക്കത്തെ വിമര്‍ശിച്ച് ട്രംപ്

 

വാഷിംഗ്ടണ്‍: ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണയോടെ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്ത് വോട്ട് റീ കൗണ്ട് ചെയ്യാനുള്ള നീക്കത്തെ കുംഭകോണമെന്നു നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു. ജനവിധി വ്യക്തമായി. ജനങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ത്തിയാവുകയും ചെയ്തതു. ഇലക്ഷന്‍ ഫലം പുറത്തുവന്ന രാത്രിയില്‍ ജനവിധി അംഗീകരിച്ച് ഹിലരിയും രംഗത്തുവന്നിരുന്നു. എന്നിട്ടും ജനവിധിയെ ചോദ്യം ചെയ്തും അപമാനിച്ചും ഗ്രീന്‍ പാര്‍ട്ടി രംഗത്തുവന്നിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
യുഎസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ നോമിനിയായിരുന്ന ജില്‍ സ്റ്റീന്റെ നേതൃത്വത്തിലാണു റീ കൗണ്ട് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയത്. വിസ്‌കോണ്‍സിനു പുറമേ, മിച്ചിഗണിലും പെന്‍സല്‍വാനിയയിലും വോട്ട് റീ കൗണ്ട് വേണമെന്ന ആവശ്യം ഇതോടൊപ്പം ഉന്നയിക്കുന്നുണ്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ട്രംപ്, മിച്ചിഗണ്‍, പെന്‍സല്‍വാനിയ, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് ഇലക്ട്രല്‍ കോളജില്‍ ഭൂരിപക്ഷമായ 270 വോട്ടുകള്‍ നേടിയത്.
ഇലക്ട്രല്‍ കോളജ് വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് ട്രംപിനാണെങ്കിലും, ജനകീയ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് ഹിലരിക്കായിരുന്നു. മാത്രമല്ല, റീ കൗണ്ടിംഗ് ആവശ്യപ്പെട്ടിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ നേതൃത്വത്തില്‍ കൃത്രിമത്വം നടന്നതായിട്ടാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് റീ കൗണ്ടിംഗ് വേണമെന്ന ആവശ്യം ഉയര്‍ന്നത്. വോട്ട് റീ കൗണ്ട് എന്ന ഗ്രീന്‍ പാര്‍ട്ടിയുടെ ഉദ്യമത്തെ പിന്തുണയ്ക്കുമെന്നു ഹിലരി വിഭാഗം അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: World