ടാറ്റ സ്റ്റീല്‍ യുകെ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുന്നു

ടാറ്റ സ്റ്റീല്‍ യുകെ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുന്നു

 

ലണ്ടന്‍: ബ്രിട്ടനിലെ വളര്‍ച്ചാ പദ്ധതി സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്താന്‍ ടാറ്റ സ്റ്റീല്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പിന്റെ താല്‍ക്കാലിക ചെയര്‍മാന്‍ രത്തന്‍ ടാറ്റയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. കമ്പനി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുന്നതായി ടാറ്റ ഗ്രൂപ്പിന്റെ ഉപദേശകനും വാര്‍വിക് മാനുഫാക്ച്ചറിംഗ് ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ ലോര്‍ഡ് കുമാര്‍ ഭട്ടാചാര്യ അറിയിച്ചു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കമ്പനി ചില പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. അത് പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. കുറഞ്ഞത് അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും ബ്രിട്ടനില്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് ഉറപ്പു വരുത്തുന്നതിന് തൊഴിലാളികള്‍, അധികാരികള്‍, സര്‍ക്കാര്‍ എന്നിവരുമായി ചര്‍ച്ചയിലാണ്. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്-വാഹന കമ്പനികളുടെ തലവന്‍മാരുമായും രാഷ്ട്രീയ നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഭട്ടാചാര്യ പറഞ്ഞു. സ്റ്റീല്‍ വ്യവസായത്തിന് ബ്രിട്ടനില്‍ വലിയ സാധ്യതകളുണ്ടെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, താല്‍ക്കാലികമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വിശദീകരിച്ചു. പുതു തലമുറയില്‍പ്പെട്ട കാറുകളില്‍ കനം കുറഞ്ഞ സ്റ്റീല്‍ പരീക്ഷിക്കുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ നിര്‍മാണ പ്രവര്‍ത്തങ്ങളുമായി മുന്നോട്ടുപോകുമെന്നും ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനിലെ ബിസിനസ് വില്‍ക്കുന്നെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അറിയിപ്പു വന്നതു മൂലം ടാറ്റ സ്റ്റീലിന്റെ പ്രവര്‍ത്തനങ്ങളും 11,000 പരം വരുന്ന തൊഴിലാളികളുടെ ഭാവിയും അനിശ്ചിതത്വത്തിലായിരുന്നു. യൂറോപ്പിലെ സ്റ്റീല്‍ വ്യവസായത്തെ ജര്‍മന്‍ കമ്പനി തൈസണ്‍ക്രപ്പിനോട് ലയിപ്പിക്കുന്നതിനും ടാറ്റ സ്റ്റീല്‍ പദ്ധതിയിടുകയുണ്ടായി. തൈസണ്‍ക്രപ്പുമായുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും, നിലവില്‍ യുകെയിലെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. യുകെയിലെ പെന്‍ഷന്‍ പദ്ധതിയാണ് ടാറ്റ സ്റ്റീലിന്റെ മുന്നോട്ടുള്ള തീരുമാനങ്ങള്‍ക്ക് പ്രധാന പ്രതിബന്ധം തീര്‍ത്തിരിക്കുന്നത്.

Comments

comments

Categories: Branding