സ്മാര്‍ട്ട് സിറ്റി ആദ്യ ഘട്ടം: കൂടുതല്‍ നിക്ഷേപവും റിയല്‍ എസ്റ്റേറ്റില്‍

സ്മാര്‍ട്ട് സിറ്റി ആദ്യ ഘട്ടം: കൂടുതല്‍ നിക്ഷേപവും റിയല്‍ എസ്റ്റേറ്റില്‍

ന്യൂഡല്‍ഹി: അടുത്ത ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഏറ്റവും നേട്ടമുണ്ടാവുക റിയല്‍ എസ്റ്റേറ്റ് വിപണിക്കെന്ന് വിദഗ്ധര്‍. മൊത്തം 100 സ്മാര്‍ട്ട് സിറ്റികളാണ് നിര്‍മിക്കാന്‍ പദ്ധതിയെങ്കില്‍ ഘട്ടങ്ങളായി ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നഗര വികസന മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയ 20 സ്മാര്‍ട്ട് സിറ്റികള്‍ക്ക് വകയിരിത്തിയ തുകയുടെ 90 ശതമാനത്തോളം ഇവയുടെ റിയല്‍ എസ്‌റ്റേറ്റ് അനുബന്ധമായ വികസനത്തിനാണ് ഉപയോഗപ്പെടുത്തുക.

ഏകദേശം 48,220 കോടി രൂപയോളമാണ് ഇവയ്ക്ക് ആദ്യ ഘട്ടത്തില്‍ ചെലവഴിക്കുക. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 സ്മാര്‍ട്ട് സിറ്റികളില്‍ ഇതിനായുള്ള സാഹചര്യമൊരുക്കല്‍, ഗതാഗതം, വെള്ളം, മലിനജല നിര്‍മാര്‍ജന സംവിധാനം ഒരുക്കല്‍, ഊര്‍ജം തുടങ്ങിയ മേഖലകളിലാണ് മൊത്തം വകയിരുത്തിയ തുകയുടെ വലിയ ശതമാനവും നിക്ഷേപിക്കുക.
ബാക്കിയുള്ള തുകയുടെ ഏഴ് ശതമാനം സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനും നാല് ശതമാനം പബ്ലിക്ക് സര്‍വീസിനുമാകും വിനിയോഗിക്കുക എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ നഗരങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കാനുള്ള പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതി. മൊത്തം 100 നഗരങ്ങളെ സ്മാര്‍ട്ടാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്കായി 50,000 കോടി രൂപയാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. നഗരങ്ങള്‍ക്ക് ഒരോന്നിനും വര്‍ഷം 100 കോടി വീതം അഞ്ചുവര്‍ഷത്തേക്ക് 500 കോടി രൂപ ലഭിക്കുന്ന പദ്ധതിയാണിത്. കാല്‍നടക്കാര്‍ക്കായി പ്രത്യക വാക്ക് വേ, നിരന്തരമുള്ള വാഹനങ്ങളുടെ കണ്ടീഷന്‍ പരിശോധന, സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് പരമാവധി വൈദ്യുതി ഉപയോഗം അതുവഴിയാക്കുക, വൈഫൈ സൗകര്യം സൗജന്യമായി ലഭ്യമാക്കുക, കാര്യക്ഷമമായ മാലിന്യ നിര്‍മാര്‍ജന സംവിധാനം തുടങ്ങി നിരവധി വികസന പരിപാടികളാണ് ഈ നഗരങ്ങളില്‍ നടപ്പാക്കുക.
മത്സരത്തിലൂടെയാണ് നഗരങ്ങള്‍ ഏതെന്ന് തെരഞ്ഞെടുക്കുക. ഇതില്‍ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത സ്മാര്‍ട്ട് സിറ്റികുളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി മിഷന്‍ ഗ്രാന്റായി 20,000 കോടി രൂപ (41%), സ്വകാര്യ നിക്ഷേപത്തിലൂടെ 10,520 കോടി രൂപ (22%), കേന്ദ്രത്തിന്റെ വിവിധ സ്‌കീമുകളിലൂടെയുള്ള 7,832 കോടി രൂപ (16%), മറ്റു സ്രോതസുകളില്‍ ന്ിന്നുള്ള 10,488 കോടി രൂപ (22%)എന്നിവയാണ് സ്മാര്‍ട്ട് സിറ്റികള്‍ക്കുള്ള ഫണ്ട്.
ഇതുവരെ മൊത്തം 60 നഗരങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ബാക്കിയുള്ള നഗരങ്ങളെ ഉടന്‍ തെരഞ്ഞെടുക്കും. അഞ്ചു വര്‍ഷത്തിനിടയില്‍ കേന്ദ്രം സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന നൂറ് നഗരങ്ങളില്‍ കേരളത്തില്‍നിന്ന് കൊച്ചിയും ഉള്‍പ്പെട്ടിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ നഗരങ്ങള്‍ക്കുള്ള സൗകര്യവും സമര്‍പ്പിക്കപ്പെട്ട പദ്ധതി നിര്‍ദേശങ്ങളുടെ മികവിന്റെയും അടിസ്ഥാനത്തിലാണ് നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്.

Comments

comments

Categories: Business & Economy