റിന്‍ഫ്ര ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് രൂപീകരിക്കുന്നു

റിന്‍ഫ്ര ഇന്‍വെസ്റ്റ്‌മെന്റ്  ട്രസ്റ്റ് രൂപീകരിക്കുന്നു

ന്യൂഡെല്‍ഹി: പശ്ചാത്തല സൗകര്യ വികസന രംഗത്തെ പ്രമുഖരായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (റിന്‍ഫ്ര) ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് രൂപീകരിക്കുന്നു. കമ്പനിയുടെ റോഡ് പദ്ധതികളെല്ലാം ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിനു കീഴില്‍കൊണ്ടുവന്ന് 5000 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തി ബാധ്യത കുറയ്ക്കുകയാണ് റിന്‍ഫ്രയുടെ ലക്ഷ്യം. റിന്‍ഫ്രയ്ക്ക് പുറമെ പശ്ചാത്തല സൗകര്യ വികസന രംഗത്തെ മറ്റു കമ്പനികളായ ഐആര്‍ബി, ജിഎംആര്‍, ഐഎല്‍ ആന്‍ഡ് എഫ്എസ് തുടങ്ങിയവയും ട്രസ്റ്റ് രൂപീകരിക്കാന്‍ നീക്കമിടുന്നുണ്ട്.
ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിനു വേണ്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് സമര്‍പ്പിച്ച അപേക്ഷ സെബി അംഗീകരിച്ചിരുന്നു. 2017 തുടക്കത്തില്‍ ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിക്കും. കമ്പനിക്കു കീഴില്‍ ഇപ്പോഴുള്ള പത്തു റോഡു പദ്ധതികളും ട്രസ്റ്റിന് കീഴിലാക്കും. പുതിയ പദ്ധതികള്‍ ഏറ്റെടുത്താല്‍ അവയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
ട്രസ്റ്റിന്റെ 51 ശതമാനം ഓഹരികള്‍ വിറ്റ് 5000 കോടി സമാഹരിക്കാനാണ് ശ്രമം. പശ്ചാത്തല വികസന പദ്ധതികളിലെ ബാധ്യതയെ ബാലന്‍സ് ഷീറ്റില്‍ നിന്ന് ഒഴിവാക്കുന്നതിനും കടം ഒരുപരിധിവരെ തീര്‍ക്കുന്നതിനും നിക്ഷേപ സമാഹരണം സഹായിക്കും- റിന്‍ഫ്രയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന് 26000 കോടിയുടെ ബാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു. ട്രസ്റ്റ് വഴിയുള്ള നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തി ബാധ്യത 7500 കോടിയിലേക്കെത്തിക്കാമെന്നാണ് റിന്‍ഫ്രയുടെ കണക്കുകൂട്ടല്‍. അടുത്തിടെ റിലയന്‍സ് ഗ്രൂപ്പ് പ്രതിരോധ ഉപകരണ നിര്‍മാണത്തിലേക്ക് വഴി തിരിഞ്ഞിരുന്നു. കടം കുറയ്ക്കുന്നതിനുവേണ്ടി അനിവാര്യമല്ലാത്ത ആസ്തികളെയും കമ്പനി ഒഴിവാക്കിവരുന്നു. അതിന്റെ ഭാഗമായാണ് സിമന്റ് ബിസിനസിനെ 4800 കോടി രൂപയ്ക്ക് ബിര്‍ള കോര്‍പ്പറേഷന് കൈമാറിയത്.

Comments

comments

Categories: Branding