വെളിപ്പെടുത്താത്ത വരുമാനത്തിന് 60 ശതമാനം പിഴ

വെളിപ്പെടുത്താത്ത വരുമാനത്തിന് 60 ശതമാനം പിഴ

ന്യൂ ഡെല്‍ഹി : വെളിപ്പെടുത്താത്ത വരുമാനം, നിക്ഷേപം, ബാങ്കില്‍ നിക്ഷേപിക്കുന്ന പണം എന്നിവയ്ക്ക് അറുപത് ശതമാനം വരെ പിഴ ഈടാക്കുന്നവിധം ആദായ നികുതി ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചു. നികുതി നിയമങ്ങള്‍ (രണ്ടാം ഭേദഗതി) ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ കൊണ്ടുവന്നത്. ഇത്തരം വരുമാനത്തിന്‍മേല്‍ അറുപത് ശതമാനം പിഴ ഒടുക്കിയതിനുശേഷവും സാധാരണ നിരക്കിലുള്ള ആദായ നികുതി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ല്.

സ്വത്ത് വെളിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ) എന്ന പേരില്‍ ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം കൂടി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുകയാണ് ഈ പദ്ധതിയനുസരിച്ച് 2017 ഏപ്രില്‍ ഒന്ന് വരെ ആളുകള്‍ക്ക് തങ്ങളുടെ എക്കൗണ്ടില്‍ പണം നിക്ഷേപിക്കാം. ആകെ നിക്ഷേപിക്കുന്ന തുകയുടെ 50 ശതമാനമാണ് (30 ശതമാനം നികുതി, പത്ത് ശതമാനം പിഴ, നികുതി നല്‍കേണ്ട തുകയുടെ 33 ശതമാനം- അതായത് പത്ത് ശതമാനം, ഗരീബ് കല്യാണ്‍ സെസ്) ഇതനുസരിച്ച് സര്‍ക്കാരില്‍ അടയ്‌ക്കേണ്ടത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം നിക്ഷേപിക്കുന്ന തുകയുടെ 25 ശതമാനം നാല് വര്‍ഷത്തേക്ക് പലിശയില്ലാതെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ നിക്ഷേപ പദ്ധതിയില്‍ സൂക്ഷിക്കും. പിഎംജികെവൈ പദ്ധതിപ്രകാരം വെളിപ്പെടുത്തുന്ന പണം അതതു വര്‍ഷത്തെ ആ വ്യക്തിയുടെ ആകെ വരുമാനത്തില്‍ ഉള്‍പ്പെടുത്തുകയുമില്ല.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്താല്‍ ആ പണത്തിന് സാധാരണ നിരക്കിലുള്ള ആദായ നികുതി നല്‍കുന്നത് കൂടാതെ 30 ശതമാനം പിഴ വേറെയും അടയ്‌ക്കേണ്ടിവരും. ഇങ്ങനെ പിടിച്ചെടുക്കുന്ന പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴ അറുപത് ശതമാനത്തിലേക്ക് ഉയരും. സാധാരണ ആദായ നികുതി വേറെയും അടയ്ക്കണം.

Comments

comments

Categories: Slider, Top Stories