ആര്‍ബിഎല്‍ മൈക്രോ എടിഎം വാനുകള്‍ വിന്യസിക്കും

ആര്‍ബിഎല്‍  മൈക്രോ എടിഎം  വാനുകള്‍ വിന്യസിക്കും

ന്യൂഡെല്‍ഹി: ക്വാലാലംപൂര്‍ ആസ്ഥാനമാക്കിയ ആര്‍ബിഎല്‍ ബാങ്ക് ഡിജിറ്റല്‍ മണി വാലറ്റായ ഓക്‌സിജനുമായി ചേര്‍ന്ന് സഞ്ചരിക്കുന്ന എടിഎം വഴി ഡെല്‍ഹി നിവാസികള്‍ക്ക് സേവനമൊരുക്കുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ് ഓക്‌സിജന്‍ സര്‍വീസസ് ഇന്ത്യയുമായി സഹകരിച്ച് സഞ്ചരിക്കുന്ന വാനുകളില്‍ 25 മൈക്രോ എംടിഎം സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ആര്‍ബിഎല്ലിനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

ആര്‍ബിഎല്ലിന്റെ ഇടപാടുകാര്‍ക്ക് ഡോര്‍സ്‌റ്റെപ്പ് ബാങ്കിംഗ് സേവനങ്ങളാണ് നല്‍കുന്നത്. ആധാറിനെ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പണം പിന്‍വലിക്കാനും കൈമാറ്റം നടത്താനും സാധിക്കും. കൂടാതെ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ എക്കൗണ്ടില്‍ നിക്ഷേപിക്കാനും കഴിയും. വിരലടയാളമോ അല്ലെങ്കില്‍ ആധാറിലെ വിവരങ്ങളിലൂടെയോ മൈക്രോ എടിഎം വഴി ഇടപാടുകള്‍ നടത്താം. ആദ്യഘട്ടത്തില്‍ ഡെല്‍ഹി എന്‍സിആറി (നാഷണല്‍ കാപ്പിറ്റല്‍ റീജിയന്‍)ലാണ് ഈ മെഷീനുകള്‍ വിന്യസിച്ചിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യവും മൈക്രോ എടിഎമ്മിലുണ്ട്.
ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ക്യൂവില്‍ കാത്തുനില്‍ക്കാതെ ഇടപാടുകള്‍ നടത്തുന്നതിനുവേണ്ടിയാണ് ബിസിനസ് പങ്കാളിയായ ഓക്‌സിജനൊപ്പം ചേര്‍ന്ന് വേഗതയുള്ളതും സൗകര്യപ്രദവുമായ സേവനം നല്‍കുന്നതെന്ന് ആര്‍ബിഎല്‍ സ്ട്രാറ്റജി ഹെഡ് രാജീവ് അഹൂജ പറഞ്ഞു.
ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും വരി നില്‍ക്കേണ്ട ആവശ്യം വരില്ല. ഇതിന് ഉപകരിക്കുന്ന വിധമാണ് പുതിയ സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് ഓക്‌സിജന്‍ സര്‍വീസസ് ഇന്ത്യ ഡെപ്യൂട്ടി എംഡി സുനില്‍ കുല്‍ക്കര്‍ണി വ്യക്തമാക്കി.

Comments

comments

Categories: Trending