മാരുതി സുസുക്കി റിറ്റ്‌സ് ഉല്‍പ്പാദനം നിര്‍ത്തി

മാരുതി സുസുക്കി റിറ്റ്‌സ് ഉല്‍പ്പാദനം നിര്‍ത്തി

 

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ കോംപാക്ട് ഹാച്ച്ബാക്ക് റിറ്റ്‌സിന്റെ ഉല്‍പാദനം നിര്‍ത്തി. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് സൊസൈറ്റിയുടെ (സിയാം) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ രണ്ട് മാസത്തിനിടെ റിറ്റ്‌സ് പൂജ്യം ഉത്പാദനമാണ് നടത്തിയതെന്ന് വ്യക്കമാക്കുന്നു. അടുത്ത് തന്നെ വിപണിയിലെത്താനിരിക്കുന്ന കോംപാക്ട് ക്രോസോവറായ ഇഗ്നിസാകും റിറ്റസിന് പകരമായി വിപണിയിലെത്തുകയെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ റിറ്റ്‌സ് നിര്‍മാണം നിര്‍ത്താനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍,
കമ്പനി 28,000 യൂണിറ്റുകള്‍ കൂടി നിര്‍മിക്കുകയായിരുന്നു.
മറ്റു വാഹനങ്ങളായ സ്വിഫ്റ്റ്, സെലേറിയോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിറ്റ്‌സിന് വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തലുകളുമുണ്ട്. ഓഗസ്റ്റില്‍ 3038ഉം, സെപ്റ്റംബറില്‍ 2515ഉം, ഒക്ടോബറില്‍ അഞ്ചും യൂണിറ്റ് കാറുകളാണ് മാരുതി റിറ്റ്‌സ് വില്‍പ്പന നടന്നത്. വില്‍പ്പനയില്‍ തിരിച്ചടി നേരിടുന്നതാണ് ഉല്‍പ്പാദനം നിര്‍ത്തുന്നതിനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് മാരുതി ഇതുവരെ പ്രതികരിച്ചിട്ടില്ല.
2009ല്‍ വിപണിയിലെത്തിയ റിറ്റ്‌സ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ഏഴ് വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് മാരുതി റിറ്റ്‌സിന് അപ്‌ഡേഷന്‍ നല്‍കിയത്. പ്രതിമാസം 2500-3000 യൂണിറ്റുകളായിരുന്നു റിറ്റ്‌സിന്റെ ശരാശി വില്‍പ്പന. കമ്പനിയുടെ മറ്റു മോഡലുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ തോതായിരുന്നു ഇത്.
മികച്ച പ്രകടനം നടത്തുന്ന മോഡലുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി തിരിച്ചടി നേരിടുന്ന മോഡലുകള്‍ നിര്‍ത്തലാക്കുന്നത് മാരുതിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, വിപണിയില്‍ ഒരു പ്രൊഡക്റ്റും മൂന്ന് വര്‍ഷത്തിലധികം ലൈഫ് സൈക്കിള്‍ നല്‍കാന്‍ പാടില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
വിറ്റാര ബ്രെസ, ബലേനൊ എന്നീ മോഡലുകള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഉല്‍പ്പാദനം നടക്കാത്തത് തിരച്ചടിയാവുകയാണ്. റിറ്റ്‌സ് നിര്‍ത്തുന്നതിലൂടെ ഈ പ്രശ്‌നത്തിന് ഏകദേശ പരിഹാരം കാണാന്‍ സാധിക്കുകയും വരാനിരിക്കുന്ന ഇഗ്നിസിന് കൂടുതല്‍ പ്രധാന്യം നല്‍കാനും കമ്പനിക്ക് സാധിക്കുമെന്നാണ് ചില വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
പ്രതിവര്‍ഷം മനേസര്‍, ഗുഡ്ഗാവ് എന്നീ പ്ലാന്റുകളിലായി ഏകേശം 1.5 മില്ല്യന്‍ യൂണിറ്റ് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി മാരുതിക്കുണ്ട്. ഇതോടൊപ്പം ഗുജറാത്തില്‍ 8,500 കോടി നിക്ഷേപത്തില്‍ പുതിയ പ്ലാന്റ് കൂടി തയാറാകുന്നതോടെ കമ്പനി നേരിടുന്ന ഉല്‍പ്പാദന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും.
ഉല്‍പ്പാദനത്തില്‍ നേരിടുന്ന തിരിച്ചടി കാരണം ഇഗ്നിസ് ലോഞ്ചിംഗ് അടുത്ത വര്‍ഷത്തേക്ക് കമ്പനി മാറ്റിവെച്ചിരുന്നു. അടുത്ത ഫെസ്റ്റിവല്‍ സീസണില്‍ ഇഗ്നിസ് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Comments

comments

Categories: Auto