ടൂണ്‍സ് ആനിമേഷന്റെ ‘മാജിക്കല്‍ പിയാനോ’ യുനസ്‌കോ പുരസ്‌കാരം നേടി

ടൂണ്‍സ് ആനിമേഷന്റെ ‘മാജിക്കല്‍ പിയാനോ’ യുനസ്‌കോ പുരസ്‌കാരം നേടി

 
തിരുവനന്തപുരം: ടൂണ്‍സ് ആനിമേഷന്റെ മാജിക്കല്‍ പിയാനോ എന്ന ഹ്രസ്വചിത്രത്തിന് യുനസ്‌കോ സലോണ്‍ വീഡിയോ പുരസ്‌കാരം ലഭിച്ചു. യുനസ്‌കോ ആഗോള തലത്തില്‍ മൊറോക്കോയില്‍ വച്ച് സംഘടിപ്പിച്ച മേളയില്‍ സലോണ്‍ ഫിലിംസ് ചെയര്‍മാന്‍ ഫ്രെഡ് വോംഗില്‍ നിന്നും ടൂണ്‍സ് പ്രതിനിധി ഡോ. അവനീഷ് പുരസ്‌കാരം ഏറ്റുവാങ്ങി. യുനസ്‌കോ ഡയറക്ടര്‍ ജനറല്‍ ഐറിന ബൊക്കോവ വിജയികളെ അഭിനന്ദിച്ചു.

ടൂണ്‍സും ഡിസ്‌നിയും സംയുക്തമായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചിരുന്ന ‘കഹാനി മാസ്റ്റേഴ്‌സ്’ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കഥയാണ് ‘മാജിക്കല്‍ പിയാനോ’ ടൂണ്‍സ് സ്റ്റുഡിയോയില്‍ ആനിമേഷന്‍ വിദഗ്ദ്ധരുടെ സഹായത്തോടെ അത് ഹ്രസ്വചിത്രമാക്കുകയായിരുന്നു.

കഥാപാത്രമായ കുട്ടിയ്ക്ക് ലഭിക്കുന്ന ജന്മദിന സമ്മാനമായ പിയാനോയുടെ സംഗീതത്തിന്റെ സഹായത്തോടെ കുട്ടി ലോകം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് കഥയുടെ പ്രമേയം. ആഗ്രയിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥി മയൂര്‍ വര്‍മ്മയാണ് ഈ കഥയ്ക്കു പിന്നില്‍.

ടൂണ്‍സ് പുറത്തിറക്കിയിട്ടുള്ള യുവാക്കളുടെ ചിത്രങ്ങള്‍ പലതും ചിക്കാഗോ ഫിലിം ഫെസ്റ്റിവല്‍, കാര്‍ട്ടൂണ്‍സ് ഓണ്‍ ദ ബേ പോലെയുള്ള അന്താരാഷ്ട്ര അവാര്‍ഡുകള്‍ക്ക് അര്‍ഹമായിട്ടുണ്ടെങ്കിലും 21-ാം നൂറ്റാണ്ടിന്റെ ആശങ്കകളെ നോക്കി കാണുന്ന ഒരു കുട്ടിയുടെ മനസ്സിനെ പ്രതിപാദിക്കുന്ന മാജിക്കല്‍ പിയാനോ കൂടുതല്‍ നെഞ്ചോടു ചേര്‍ത്ത് പിടിക്കേണ്ടതാണെന്ന് ടൂണ്‍സ് ആനിമേഷന്‍ ഇന്ത്യാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. ജയകുമാര്‍ പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ മറികടക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുനസ്‌കോ മേള സംഘടിപ്പിച്ചത്.

Comments

comments

Categories: Branding