അഗ്നിബാധ: പശ്ചിമേഷ്യയില്‍ പുകയുന്നത് വെറുപ്പിന്റെ രാഷ്ട്രീയമോ ?

അഗ്നിബാധ: പശ്ചിമേഷ്യയില്‍ പുകയുന്നത് വെറുപ്പിന്റെ രാഷ്ട്രീയമോ ?

ഇസ്രയേലിലെ മൂന്നാമത്തെ വലിയ നഗരമാണ് ഹയിഫ. തുറമുഖ നഗരമെന്നു കൂടി വിശേഷണമുള്ള ഹയിഫയില്‍ അറബ്-ജൂത വംശജര്‍ സഹവര്‍ത്തിത്വത്തോടെയാണു കഴിയുന്നത്. പ്രദേശത്ത് തീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്ച പതിനായിരക്കണക്കിനു പേര്‍ക്ക് ഇവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നിരിക്കുകയാണ്. 800-ാളം വീടുകള്‍ അഗ്നിക്കിരിയായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ചയാണ് തീ പടര്‍ന്നു പിടിച്ചതെന്നാണു അധികൃതര്‍ പറയുന്നത്. ഹയിഫയില്‍ നാശംവിതച്ച തീ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുമ്പോള്‍ പശ്ചമേഷ്യയില്‍ വീണ്ടും പുകയുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്.

സംഭവത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തീവയ്പ് തീവ്രവാദമെന്നാണ് (arson terror) വിശേഷിപ്പിച്ചത്. തീ വയ്പിനു കാരണക്കാരെന്നു സംശയിക്കുന്ന 16-ാളം പേരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹയിഫയില്‍ പടര്‍ന്ന തീ ഏറെക്കുറെ നിയന്ത്രണാതീതമായിട്ടുണ്ടെങ്കിലും മറ്റു നഗരങ്ങളിലേക്കു പടര്‍ന്നു പിടിച്ച തീ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഗലീലിയോ മലനിരകള്‍ക്കു വടക്ക് സ്ഥിതിചെയ്യുന്ന നഗരങ്ങള്‍ക്കും ജറുസലേമിനു ചുറ്റുമുള്ള വനപ്രദേശങ്ങള്‍ക്കും ഭീഷണിയായിട്ടുണ്ട് തീ. ആശങ്കയുണര്‍ത്തി പടരുന്ന അഗ്നിയെ നിയന്ത്രിക്കാന്‍ ഇസ്രയേല്‍, അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളെ ആശ്രയിക്കുകയുമുണ്ടായി.
റഷ്യ, ഫ്രാന്‍സ്, സൈറസ്, തുര്‍ക്കി, ക്രൊയേഷ്യ, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും തീ അണയ്ക്കാന്‍ അഗ്നിശമനാ സേനകളെ ഇസ്രയേലിലേക്ക് അയയ്ക്കുകയുണ്ടായി. അപൂര്‍വ നടപടിയെന്നു പറയട്ടെ, ഇസ്രയേലിലെ അഗ്നി ദുരന്തത്തെ നേരിടാന്‍ പലസ്തീനും സേനയെ അയച്ചു.
ഹയിഫയില്‍ തീ പടര്‍ത്തിയതിന്റെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടന ഏറ്റെടുത്ത് രംഗത്തുവന്നിട്ടുണ്ട്. മസാദത്ത് അല്‍ മുജാഹിദ്ദീന്‍ എന്ന പാലസ്തീന്‍ സലഫി സംഘടനയാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ ഇസ്രയേലില്‍ ഇതിനു മുന്‍പ് പലവട്ടം ഇതുപോലെ തീ വയ്പ് നടത്തിയിട്ടുണ്ട്. 2010ല്‍ 40 പേര്‍ മരിച്ച മൗണ്ട് കാര്‍മല്‍ കാട്ട് തീ പടര്‍ന്നത്തിയതിനു പിന്നില്‍ മസാദത്ത് അല്‍ മുജാഹിദ്ദീന്‍ സംഘടനയായിരുന്നെന്നു പറയപ്പെടുന്നുണ്ട്.
സംഭവത്തെ കുറിച്ച് ഇസ്രയേലിലെ പൊലീസ് തലവന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ ഗൂഢാലോചനയുടെ ഭാഗമാണോ അതോ പ്രകൃതി ദുരന്തമാണോ തീവയ്പ് എന്ന് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഹയിഫയിലുണ്ടായ അഗ്നിബാധയില്‍ ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധി പേര്‍ക്ക് പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.ഇസ്രയേലും പാലസ്തീനും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴാണു തീ പടര്‍ന്നിരിക്കുന്നത്. ഇത് സംഘര്‍ഷാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ കാരണമാകുമെന്നും കരുതുന്നുണ്ട്. ഇസ്രയേലി ജൂതന്മാര്‍, അറബ്, പാലസ്തീന്‍ വംശജര്‍ തുടങ്ങിയവര്‍ വിഷയത്തെ വികാരപരമായിട്ടാണു സമീപിച്ചിരിക്കുന്നത്. കരുതിക്കൂട്ടി തീവയ്പ് നടത്തിയതാണെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഇസ്രയേലിലെ ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളും അറബ് വംശജരെ കുറ്റപ്പെടുത്തുന്നുമുണ്ട്. ഇസ്രയേല്‍ നഗരം കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. ഇത് ആഘോഷമാക്കുകയാണ് അറബ് സോഷ്യല്‍ മീഡിയയെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. ഇസ്രയേലില്‍ സമീപകാലത്ത് മുസ്ലിം പ്രാര്‍ഥനയ്ക്ക് ഉപയോഗിക്കുന്ന ഉച്ചഭാഷിണികള്‍ നിരോധിക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ടു ഭരണഘടന ഭേദഗതി വരുത്താന്‍ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനമെടുക്കാന്‍ തയാറെടുക്കുന്ന ഇസ്രയേലിന് ദൈവം നല്‍കിയ ശിക്ഷയാണ് അഗ്നിയെന്നാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നവരെ വിശദമായി ചോദ്യം ചെയ്യുകയാണു പൊലീസ്. വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു. ഇതിനു ശേഷം മാത്രമേ തീ പടര്‍ന്നതിനു പിന്നിലെ കാരണം വ്യക്തമാകൂ. അതേസമയം, ഹയിഫയിലെ ദുരന്തം രാഷ്ട്രീയ നേട്ടത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ഉപയോഗിക്കുകയാണെന്നു പാലസ്തീന്‍ പാര്‍ലമെന്റംഗം ജമാല്‍ സഹാല്‍ക്ക കുറ്റപ്പെടുത്തി.

Comments

comments

Categories: World

Related Articles