ഇപ്പോള്‍ ‘ലെസ് കാഷ്’, പിന്നീട് ‘കാഷ്‌ലെസ്’ സമൂഹം: പ്രധാനമന്ത്രി

ഇപ്പോള്‍ ‘ലെസ് കാഷ്’, പിന്നീട് ‘കാഷ്‌ലെസ്’ സമൂഹം: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : പണരഹിത സമ്പദ് വ്യവസ്ഥ(കാഷ്‌ലെസ് ഇക്കോണമി)യുടെ ഭാഗമാകാന്‍ ജനങ്ങളെ ശക്തമായി പ്രേരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്. കാഷ്‌ലെസ് സമൂഹമായി അതിവേഗ പരിവര്‍ത്തനം സാധ്യമല്ലെന്നിരിക്കെ ഇപ്പോള്‍ ലെസ് കാഷ് സമൂഹത്തിന്റെ ഭാഗമാകാന്‍ അദ്ദേഹം ജനതയോട് അഭ്യര്‍ത്ഥിച്ചു.

ഡിജിറ്റല്‍ സമ്പദ്ഘടനയെക്കുറിച്ച് എല്ലാവരും മനസ്സിലാക്കണം. ഇന്റര്‍നെറ്റ് ബാങ്കിംഗിനെക്കുറിച്ചും നിങ്ങളുടെ ബാങ്ക് എക്കൗണ്ട് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും പഠിക്കണം. വിവിധ ബാങ്കുകളുടെ ആപ്പുകള്‍ എങ്ങനെ നിങ്ങളുടെ മൊബീല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് മനസ്സിലാക്കണം. കറന്‍സി ഇല്ലാതെ നിങ്ങളുടെ ദൈനംദിന ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് പഠിച്ചിരിക്കണം-പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

കാര്‍ഡ് പെയ്‌മെന്റുകളും മറ്റ് വിവിധതരം ഇലക്ട്രോണിക് പെയ്‌മെന്റുകളും അറിഞ്ഞിരിക്കണം. വലിയ മാളുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. കാഷ്‌ലെസ് സമ്പദ്ഘടന സുരക്ഷിതവും സുതാര്യവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് പൂര്‍ണമായും മാറ്റുന്നതിന് നിങ്ങള്‍ക്കേവര്‍ക്കും നേതൃപരമായ പങ്ക് വഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

കാഷ്‌ലെസ് ഇക്കോണമിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് രാജ്യത്തെ യുവാക്കളെയും അദ്ദേഹം അഭിവാദ്യം ചെയ്തു സംസാരിച്ചു. വീട്ടില്‍ നിങ്ങളുടെ അച്ഛനോ അമ്മയ്‌ക്കോ ജ്യേഷ്ഠനോ ഇതേക്കുറിച്ചൊന്നും അറിയണമെന്നില്ല. ഓണ്‍ലൈനില്‍ ട്രെയ്ന്‍ ടിക്കറ്റ് ബുക് ചെയ്യുന്നതിനും ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും നിങ്ങള്‍ക്ക് അറിയാം. ഇക്കാര്യങ്ങള്‍ കുടുംബാംഗങ്ങളെ പഠിപ്പിക്കണമെന്ന് മോദി നിര്‍ദ്ദേശിച്ചു.
നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തക്കാരെ വീട്ടില്‍ പഠിപ്പിക്കാം. ദിവസേന അഞ്ച് അയല്‍ക്കാര്‍ക്ക് ക്ലാസ്സെടുക്കുകയും ആവാം. നിങ്ങള്‍ക്ക് ഉന്തുവണ്ടിക്കാരനെയോ പച്ചക്കറി കച്ചവടക്കാരനെയോ പഠിപ്പിക്കാന്‍ കഴിഞ്ഞാല്‍ നമ്മള്‍ കാഷ്‌ലെസ് ഇന്ത്യയായി മാറാതിരിക്കാന്‍ യാതൊരു കാരണവുമില്ലെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡിജിറ്റല്‍ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. നിങ്ങളുടെ മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് പണം കൈമാറുന്നത് വാട്ട്‌സ്ആപ്പില്‍ തമാശ അയയ്ക്കുന്നതിനേക്കാള്‍ എളുപ്പമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നോട്ട് അസാധുവാക്കിയതിന്റെ ആദ്യ നാളുകളില്‍ രാജ്യത്തെ ജനങ്ങളും ബാങ്കുകളിലെയും തപാല്‍ ഓഫീസുകളിലെയും ജീവനക്കാരും പ്രകടിപ്പിച്ച ക്ഷമയ്ക്കും അത്യദ്ധ്വാനത്തിനും മോദി നന്ദി അറിയിച്ചു.

കള്ളപ്പണം ഉണ്ടാക്കുന്നതും അനധികൃതമായി സൂക്ഷിച്ചുവെ്ക്കുന്നതും ശീലങ്ങള്‍ മാറ്റാന്‍ തയ്യാറാവാത്തവരാണെന്ന് പ്രധാനമന്ത്രി താക്കീത് നല്‍കി.

ലോകം മുഴുവന്‍ നമ്മളെ ശ്രദ്ധിക്കുകയാണ്. നോട്ട് അസാധുവാക്കിയതിന്റെ ഗുണഫലങ്ങള്‍ എന്തായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പരിശോധിച്ചുവരുന്നു. 125 കോടി ജനങ്ങളുള്ള മഹത്തായ രാജ്യമാണ് നമ്മുടേത്. ഇതുവരെ നടന്ന ഏറ്റവും വലിയ നോട്ട് അസാധുവാക്കല്‍ നടപടിയാണ് ഇപ്പോഴത്തേതെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ പറഞ്ഞു.

Comments

comments

Categories: Slider, Top Stories