നിയന്ത്രണരേഖയിലെ തിരിച്ചടി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കണം

നിയന്ത്രണരേഖയിലെ തിരിച്ചടി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കണം

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം എത്രയും വേഗം വിച്ഛേദിക്കണമെന്ന് പാകിസ്ഥാനിലെ പ്രതിപക്ഷ കക്ഷിയായ തെഹരീക് ഇ ഇന്‍സാഫ്. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ വെടിവെപ്പിനെതുടര്‍ന്ന് പത്ത് സിവിലിയന്‍മാരും മൂന്ന് സൈനികരും കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ തെഹരീക് ഇ ഇന്‍സാഫ് വൈസ് ചെയര്‍മാന്‍ ഷാ മെഹ്മൂദ് ഖുറേഷി പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ കാര്യങ്ങളില്‍ അത്യധികം ആവേശവും ഉല്‍സാഹവും കാണിക്കുന്ന പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രതിരോധ മന്ത്രി ഖവാജ ആസിഫും രാജ്യത്തെ രക്ഷിക്കുന്നതിന് പകരം പനാമഗേറ്റ് കേസ് പ്രതിരോധിക്കാനാണ് സമയം കണ്ടെത്തുന്നതെന്ന് ഖുറേഷി പരിഹസിച്ചു. പനാമ ആസ്ഥാനമായ സ്ഥാപനം മുഖേനെ നവാസ് ഷെരീഫിന്റെ മൂന്ന് മക്കള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഖുറേഷിയുടെ പ്രസ്താവന.

നിയന്ത്രണ രേഖയ്ക്കപ്പുറത്തുനിന്ന് നിരന്തരം വെടിവെപ്പ് നടക്കുമ്പോഴും അയല്‍രാജ്യവുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് ഉമര്‍കോട്ടില്‍ ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞത്.

പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. വെടിവെപ്പില്‍ നിരവധി സാധാരണക്കാരും സൈനികരും മരിക്കുകയും മറ്റ് അനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ സൈന്യം നിരപരാധികളായ സിവിലിയന്‍മാരെയടക്കം കൊന്നൊടുക്കുമ്പോള്‍ നവാസ് ഷെരീഫ് അയല്‍രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്ത പഴം തിന്ന് ആസ്വദിക്കുകയാണെന്നാണ് ഖുറേഷി കളിയാക്കിയത്. കശ്മീര്‍ വിഷയം ലോകവേദികളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പാകിസ്ഥാന് മുഴുവന്‍ സമയ വിദേശകാര്യ മന്ത്രി ഇല്ലാതെ പോയെന്നും ഷാ മഹ്മൂദ് ഖുറേഷി തുറന്നടിച്ചു.

Comments

comments

Categories: Slider, Top Stories