പ്രധാന വ്യോമയാന ഹബ്ബാകാനുള്ള ശേഷി ഗുവാഹട്ടിക്കുണ്ട്: അജയ് സിംഗ്

പ്രധാന വ്യോമയാന ഹബ്ബാകാനുള്ള ശേഷി ഗുവാഹട്ടിക്കുണ്ട്: അജയ് സിംഗ്

 

ന്യൂഡെല്‍ഹി: വടക്ക് കിഴക്കന്‍ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടവും അസമിലെ പ്രധാന നഗരവുമായ ഗുവാഹട്ടിക്ക് പ്രധാന വ്യോമയാന ഹബ്ബായി മാറാനുള്ള ശേഷിയുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അജയ് സിംഗ്. വടക്ക് കിഴക്കന്‍ ഇന്ത്യയുടെ തന്ത്രപ്രധാന നഗരമെന്ന നിലയില്‍ 100ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള പ്രമുഖ എയര്‍ലൈന്‍ കാര്‍ഗോ ഹബ്ബായി ഗുവാഹട്ടിക്ക് മാറാന്‍ കഴിയുമെന്നാണ് അജയ് സിംഗിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

അസമിന്റെ മൂന്ന് ദൗത്യങ്ങളായ തൊഴില്‍, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവ അടിസ്ഥാനമാക്കി നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെല്‍ഹി അലുമ്‌നി അസോസിയേഷനാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ 100ഓളം തൊഴിലവസരമൊരുക്കുന്ന കാര്‍ഗോ ഹബ്ബാക്കി വടക്ക് കിഴക്കന്‍ ഇന്ത്യയെ മാറ്റാമെന്നാണ് അജയ് സിംഗ് പറഞ്ഞത്. ജിഡിപി വളര്‍ച്ച കൈവരിക്കുമ്പോള്‍ അവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇത്തരം വികസനത്തിന്റെ പ്രധാന ഘടകമെന്നു പറയുന്നത് പരസ്പരം ബന്ധിപ്പിക്കലാണെന്നും അജയ് സിംഗ് പറയുന്നു. ഗുവാഹട്ടിയുടെ കാര്യമെടുത്താല്‍ ടൂറിസത്തിന് വലിയ സാധ്യകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുമുള്ള നിരവധി ജീവനക്കാര്‍ സ്‌പൈസ്‌ജെറ്റിലുണ്ടെന്നും ഇവര്‍ വാചലരും നല്ല പെരുമാറ്റമുള്ളവരുമാണെന്നും അജയ് സിംഗ് പറഞ്ഞു. രാജ്യത്തെ ഏറ്റവും തിരക്കുപിടിച്ച വ്യോമയാന കേന്ദ്രങ്ങളിലൊന്നാണ് ഗുവാഹട്ടി. അതുകൊണ്ടുതന്നെ ഗുവാഹട്ടിയെ സ്‌പൈസ്‌ജെറ്റിന്റെ ഹബ്ബാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് അസം സര്‍ക്കാരുമായി കമ്പനി ചര്‍ച്ചയാരംഭിച്ചതായും അദ്ദേഹം അറിയിച്ചു. നിലവില്‍ സ്‌പൈസ്‌ജെറ്റ് കൊല്‍ക്കത്തയില്‍ നിന്നും ഗുവാഹത്തിയിലേക്കും സില്‍ചറിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. അസമിലെ ജോര്‍ഹതിലേക്കും ലക്ഷ്മിപുറിലേക്കും സര്‍വീസ് ആരംഭിക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്നും സ്‌പൈസ്‌ജെറ്റ് എംഡി പറഞ്ഞു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ ഇതിനോട് അനുകൂല നിലപാട് അറിയിച്ചതായും അജയ് സിംഗ് പറഞ്ഞു. സര്‍ക്കാര്‍ ഏവിയേഷന്‍ ഇന്ധനത്തിന്റെ വില്‍പ്പന നികുതി കുറയ്ക്കുകയാണെങ്കില്‍ ഗുവാഹട്ടിയെ കമ്പനിയുടെ ഹബ്ബുകളിലൊന്നാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding