ജിഎസ് ടി പരിധി കുറയ്ക്കണമെന്ന് ജെംസ് ആന്‍ഡ് ജുവല്‍റി വ്യവസായം

ജിഎസ് ടി പരിധി കുറയ്ക്കണമെന്ന്  ജെംസ് ആന്‍ഡ് ജുവല്‍റി വ്യവസായം

 

ന്യൂഡെല്‍ഹി: ജെംസ് ആന്‍ഡ് ജുവല്‍റി മേഖലയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്- ജിഎസ്ടി) പരിധി നാലു ശതമാനത്തില്‍ നിന്ന് 1.25 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യം.
ചരക്കു സേവന നികുതി 1.25 ശതമാനമാക്കിയാലും നിലവിലെ നികുതി സംവിധാനം നല്‍കുന്നതിനെക്കാള്‍ ഇരട്ടി വരുമാനം നേടാനാകുമെന്ന് ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജുവല്‍റി ട്രേഡ് ഫെഡറേഷന്‍ (ജിജെഎഫ്) ചെയര്‍മാന്‍ ജി വി ശ്രീധര്‍ പറഞ്ഞു.
രാജ്യത്തുടനീളമുള്ള ജുവല്‍റികള്‍ക്ക് മൂല്യവര്‍ധിത നികുതി (വാല്യു ആഡഡ് ടാക്‌സ്, വാറ്റ്) ഒരു ശതമാനമാണ്. അതുകൂടാതെ 10 കോടി രൂപ വരുമാനമുള്ള 10-15 ശതമാനം ജുവല്‍റികള്‍ ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടിയും നല്‍കുന്നു. ഏകദേശം 85 ശതമാനം ജുവല്‍റികളും എക്‌സൈസ് ഡ്യൂട്ടി പരിധിക്ക് കീഴില്‍ വരുന്നില്ലെന്ന് ശ്രീധര്‍ ചൂണ്ടിക്കാട്ടി.
20 ലക്ഷം രൂപ വരുമാനം നേടുന്നവര്‍ക്ക് ചരക്കു സേവന നികുതി ബാധകമാകും. എല്ലാ ജുവല്‍റികളും ഈ നിബന്ധനയ്ക്ക് കീഴില്‍ വരും. ഒരു ശതമാനം മൂല്യവര്‍ധിത നികുതിയും ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടിയും ഒരുമിച്ച് ഖജനാവിന് സംഭാവന ചെയ്യുന്നതിനെക്കാള്‍ വരുമാനം 1.25 ശതമാനം ചരക്കു സേവന നികുതിയിലൂടെ ലഭിക്കും. സര്‍ക്കാരിന്റെ വരുമാനം നഷ്ടപ്പെടുത്തണമെന്ന് ജിജെഎഫ് ആവശ്യപ്പെടുന്നില്ല. എന്നാല്‍ ജെംസ് ആന്‍ഡ് ജുവല്‍റി വ്യവസായം ജിഎസ്ടി കാരണം ബുദ്ധിമുട്ടേണ്ടതായി വരരുത്- ശ്രീധര്‍ സൂചിപ്പിച്ചു.
ജെംസ് ആന്‍ഡ് ജുവല്‍റി മേഖലയിലെ ഏകദേശം 75 ശതമാനവും ഇപ്പോഴും സംഘടിതമല്ല. ഈ അവസ്ഥയില്‍ മാറ്റംവരണം. ചരക്കു സേവന നികുതി ഉള്‍പ്പെടെ ഈ മേഖലയിലെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ജിജെഎഫ് പ്രതിനിധികള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതായും സംഘടനയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: Business & Economy