ദാരിദ്ര്യത്തെ തുടച്ചുനീക്കാന്‍ ജിഡിപി നിരക്ക് കൂട്ടണം

ദാരിദ്ര്യത്തെ തുടച്ചുനീക്കാന്‍ ജിഡിപി നിരക്ക് കൂട്ടണം

 

2032 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം തുടച്ചു നീക്കണമെന്നായിരുന്നു നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അമിതാബ് കാന്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. ഡല്‍ഹിയില്‍ പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഒരു യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു. ദാരിദ്ര്യം തുടച്ചുനീക്കപ്പെടണമെങ്കില്‍ രാജ്യം ചുരുങ്ങിയത് 9-10 ശതമാനം നിരക്കിലെങ്കിലും വളരണമെന്ന്.

നിലവില്‍ രാജ്യത്തെ ആളോഹരി വരുമാനം 1,652 ഡോളറാണ്. നമ്മള്‍ ഏഴ് ശതമാനത്തില്‍ തന്നെ വളരുന്നത് തുടര്‍ന്നാല്‍ 2032 ആകുമ്പോഴേക്കും ആളോഹരി വരുമാനം 4,000 ഡോളറാകും. എന്നാല്‍ രാജ്യം 10 ശതമാനം നിരക്കില്‍ വളരാന്‍ തുടങ്ങിയാല്‍ 2032 ആകുമ്പോഴേക്കും ആളോഹരി വരുമാനം 6,800 ഡോളറാകും. അത്തരമൊരു അവസ്ഥ വന്നാല്‍ രാജ്യത്ത് ദാരിദ്ര്യമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഇതിന് ഇന്ത്യ ആഗോള വിപണിയിലേക്ക് വന്‍തോതില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കേണ്ടത് ആവശ്യമാണ്. ആഗോള വിപണിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഇപ്പോഴും തുച്ഛമാണ്, കേവലം 1.7 ശതമാനം. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞതു പോലെ ബഹുതല തന്ത്രങ്ങളാണ് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സ്വീകരിക്കേണ്ടത്. നിക്ഷേപം കൂട്ടണം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം, എന്നാല്‍ പദ്ധതികള്‍ നിര്‍ബന്ധമായും പ്രകൃതി സൗഹൃദവുമാകണം. ദാരിദ്ര്യവും പോഷകാഹാരക്കുറവും പോലുള്ള വിപത്തുകളെ തുടച്ചു മാറ്റാതെയുള്ള വളര്‍ച്ച പൊള്ളയാണ്. അത് തിരിച്ചറിയണം.

Comments

comments

Categories: Editorial