ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഫ്രാങ്കോയിസ് ഫില്ലനു സാധ്യതയേറുന്നു

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്:  ഫ്രാങ്കോയിസ് ഫില്ലനു സാധ്യതയേറുന്നു

 

പാരീസ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഫ്രാങ്കോയിസ് ഫില്ലന്‍ മത്സരിക്കാനുള്ള സാധ്യതയേറി.ഞായറാഴ്ച നടന്ന പ്രാഥമിക റൗണ്ടില്‍ 62-കാരനായ ഫില്ലനും 71-കാരനായ അലെന്‍ ജുപ്പേയുമാണ് മത്സരിക്കുന്നത്. ഇരുവരും മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രിമാരായിരുന്നെന്ന പ്രത്യേകതയുണ്ട്. ഇസ്ലാമിക തീവ്രവാദം ഉന്മൂലനം ചെയ്യുമെന്നു പ്രതിജ്ഞയെടുത്തിരിക്കുന്ന വ്യക്തിയാണു ഫില്ലന്‍. എതിരാളിയായ ജുപ്പേയാകട്ടെ, മിതവാദിയാണ്. ഈ റൗണ്ടില്‍ വിജയിക്കുന്നവര്‍ ഡിസംബര്‍ മാസം നടക്കുന്ന അടുത്ത റൗണ്ടില്‍ നാഷണല്‍ ഫ്രണ്ട് നേതാവ് മരീന്‍ ലെ പെന്നുമായി മത്സരിക്കും.
ഇടത് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനും നിലവിലെ പ്രസിഡന്റുമായ ഫ്രാന്‍സ്വെ ഒലാന്ദ് വീണ്ടും മത്സരിക്കുമോ എന്ന കാര്യം അടുത്തയാഴ്ചകളില്‍ അറിയാം. ഫ്രാന്‍സില്‍ സമീപകാലത്ത് നടന്ന തീവ്രവാദ ആക്രമണങ്ങള്‍ ഒലാന്ദിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയ സംഭവമാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഒലാന്ദ് വീണ്ടും മത്സരിക്കാനുള്ള സാധ്യത തീരെയില്ലെന്നും സൂചനയുണ്ട്.
സമീപകാലത്ത് ഫില്ലന് പൊതുജന മദ്ധ്യേ വന്‍ സ്വീകാര്യത കൈവന്നിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഏറെ സാധ്യത കല്‍പ്പിക്കുന്നതും ഫില്ലനാണ്. പരമ്പരാഗത കുടുംബമൂല്യം പ്രോത്സാഹിപ്പിക്കുന്നതാണ് ഫില്ലന്റെ നയം. മറുവശത്ത് ജുപ്പേയാകട്ടെ, മതപരമായ സ്വാതന്ത്ര്യം കൂടുതല്‍ വേണമെന്നും വംശീയ വൈവിധ്യം നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്നാല്‍ റഷ്യയുമായുള്ള ഫ്രാന്‍സിന്റെ ബന്ധത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്നു വാദിക്കുന്ന വ്യക്തിയാണ് ജുപ്പേ. ഫില്ലന് പക്ഷേ ഇക്കാര്യത്തില്‍ വിരുദ്ധാഭിപ്രായമാണ്.
2007-2012 കാലഘട്ടത്തില്‍ നിക്കോളാസ് സര്‍ക്കോസി പ്രസിഡന്റ് പദം വഹിച്ചപ്പോള്‍, പ്രധാനമന്ത്രിയായിരുന്നു ഫില്ലന്‍. 1995-97ല്‍ ജുപ്പേ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായിരുന്നു. അന്ന് പ്രസിഡന്റ് ജാക്ക് ഷിറാക്കായിരുന്നു.

Comments

comments

Categories: World