ഫ്‌ളിപ്പ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസ് വിഭാഗത്തിന് വന്‍നഷ്ടം

ഫ്‌ളിപ്പ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസ് വിഭാഗത്തിന് വന്‍നഷ്ടം

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മാര്‍ക്കറ്റ്‌പ്ലെയ്‌സ് വിഭാഗം ഫ്‌ളിപ്പ്കാര്‍ട്ട് ഇന്റര്‍നെറ്റിന്റെ ഓരോ വില്‍പ്പനയിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 2,306 കോടി രൂപയുടെ നഷ്ടമാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലമിറ്റഡ് രേഖപ്പെടുത്തിയത്. ആര്‍ഒസി (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) രേഖകളനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,096.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ കമ്പനിയുടെ മുഖ്യ എതിരാളിയായ ആമസോണിനോട് മത്സരിക്കുന്നതിനിടെയാണ് വിപണി വിഹിതത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന് ഞെരുക്കം നേരിടുന്നത്.

അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് ഇന്റര്‍നെറ്റിന്റെ വില്‍പ്പന 1,952 കോടി രൂപയായി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സിഇഒ ആയി ബിന്നി ബെന്‍സാല്‍ സ്ഥാനമേറ്റതിനു ശേഷം കമ്പനിയുടെ മൂല്യത്തില്‍ വലിയ ഇടിവാണുണ്ടായിട്ടുള്ളത്. കമ്പനിക്കകത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വന്‍ തുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ചെലവഴിക്കുന്നത്. സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും രാജ്യത്തുടനീളം സംഭരണശാലകള്‍ നിര്‍മിക്കുന്നതിനുമായാണ് കമ്പനി ഈ തുക ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

പ്രതിമാസം ഏകദേശം 40 മില്യണ്‍ ഡോളര്‍ കമ്പനി ചെലവഴിക്കുന്നുണ്ടെന്നാണ് വിവരം. നഷ്ടമായ വിപണി വിഹിതം തിരിച്ചുപിടിക്കുന്നതിനു വേണ്ടിയും അമേരിക്കന്‍ ഭീമന്‍ ആമസോണുമായി കടുത്ത മത്സരം നേരിടുന്നതിന്റെയും ഭാഗമായുള്ള തീവ്ര പദ്ധതികളാണ് കഴിഞ്ഞ കുറച്ച് കാലമായി ഫ്‌ളിപ്പ്കാര്‍ട്ട് നടത്തികൊണ്ടിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, ഡിഎസ്ടി ഗ്ലോബല്‍, ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് എന്നിവരില്‍ നിന്നുമായി ഏകദേശം 2.6 ബില്യണ്‍ ഡോളറാണ് ഫ്‌ളിപ്പ്കാര്‍ട്ട് സ്വരൂപിച്ചിട്ടുള്ളത്. നിലവില്‍ അടുത്ത ഘട്ട നിക്ഷേപ സമാഹരണത്തിനുള്ള ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഈ വര്‍ഷം തീരുന്നതിനു മുന്‍പ് ഫ്‌ളിപ്പ്കാര്‍ട്ട് 1 ബില്യണ്‍ ഡോളറോളം നിക്ഷേപം സ്വരൂപിച്ച് ഇ-കൊമേഴ്‌സ് വിപണിയില്‍ ഉയര്‍ന്ന പങ്കാളിത്തം നേടുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ മാസം ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ടൈഗര്‍ ഗ്ലോബലാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ അവസാനമായി നിക്ഷേപം നടത്തിയത്. 2015 മധ്യത്തോടെയായിരുന്നു ഇത്. 15 ബില്യണ്‍ ഡോളറാണ് ടൈഗര്‍ ഗ്ലോബല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിക്ഷേപിച്ചത്.

അടുത്ത നിക്ഷേപ സമാഹരണത്തില്‍ പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിനെ നിയമിക്കുന്ന കാര്യം ഫ്‌ളിപ്പ്കാര്‍ട്ട് പിരഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. നിക്ഷേപ സമാഹരണത്തിന് സഹായം തേടി ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് ഇന്‍ക് ഉള്‍പ്പെടെയുള്ള നിരവധി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയായി തന്നെ തുടരുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഇ-കൊമേഴ്‌സിന്റെ പോസ്റ്റര്‍ ബോയ് എന്നറിയപ്പെടുന്ന ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മുന്നിലുള്ള ലക്ഷ്യം ത്വരിതഗതിയിലുള്ള വളര്‍ച്ച ഉറപ്പുവരുത്തുകയെന്നതാണ്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്കു വേണ്ടിയും ഡിസ്‌കൗണ്ട് ഓഫറുകള്‍ക്കുമായി കൂടുതല്‍ നിക്ഷേപം സമാഹരിച്ച് വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ശ്രമം. അതോടൊപ്പം തന്നെ നഷ്ട കണക്കുകള്‍ നിയന്ത്രാണാതീതമല്ല എന്ന് കമ്പനി ഉറപ്പുവരുത്തുകയും വേണം.

കഴിഞ്ഞ കുറച്ച് വര്‍ഷക്കാലമായി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് കടന്നുപോയികൊണ്ടിരിക്കുന്നത്. എന്നാല്‍, സിഇഒ ബിന്നി ബെന്‍സാലിന്റെയും കൊമേഴ്‌സ് വിഭാഗം മോധാവി കല്യാണ്‍ കൃഷ്ണമൂര്‍ത്തിയുടെയും മോല്‍നോട്ടത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് തയാറെടുക്കുന്നതിന്റെ അടയാളങ്ങള്‍ പ്രകടമാക്കിയിരുന്നു. കഴിഞ്ഞ ഉത്സവസീസണ്‍ മെഗാ വില്‍പ്പന മാമാങ്കത്തില്‍ ആമസോണിനെതിരെ വ്യക്തമായ മുന്നേറ്റം നിലനിര്‍ത്താന്‍ ഫ്‌ളിപ്പ്കാര്‍ട്ടിനു കഴിഞ്ഞിട്ടുണ്ട് എന്നത് ഇതിന്റെ സൂചനയാണ്.

Comments

comments

Categories: Slider, Top Stories

Related Articles